മധുര : തിരുപ്പുറകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ നാളെ വിളക്ക് തെളിയിക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. നവംബർ 24 ന് കാർത്തിക വിളക്ക് തെളിയിക്കണമെന്ന കോടതി ഉത്തരവ് അവഗണിച്ച തമിഴ്നാട് സർക്കാരിനും, ഉദ്യോഗസ്ഥർക്കുമെതിരെ കോടതി രൂക്ഷ വിമർശനവാണ് ഉയർത്തിയത്. ക്ഷേത്ര ട്രസ്റ്റിനെയും കോടതി സസ്പെൻഡ് ചെയ്തു. സർക്കാരിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജികളും , മറ്റൊരു ദിവസം ദീപം തെളിയിക്കാൻ അനുവദിക്കണമെന്ന ഹർജികളും കോടതി ഇന്ന് പരിഗണിച്ചിരുന്നു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദേശം. ക്ഷേത്രഭരണം നിർവഹിക്കാനായി മുൻ ഹൈക്കോടതി ജഡ്ജിമാരായ എസ് വൈദ്യനാഥൻ, വി പാർത്ഥിപൻ എന്നിവരെ കോടതി റിസീവർമാരായി നിയമിച്ച് ഉത്തരവിറക്കി. ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപത്തിൽ നിന്നുള്ള അഗ്നി ഉപയോഗിച്ച് ദീപത്തൂണിൽ കാർത്തിക വിളക്ക് തെളിയിക്കുന്നത് റിസീവർമാർ ഉറപ്പാക്കണം.
കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ തമിഴ്നാട് പൊലീസ് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി തിരുപ്പുറകുണ്ഡ്രം മലയുടെ സംരക്ഷണം സി ആർ പി എഫിന് കൈമാറി . സമീപത്തെ ദർഗയുടെ സംരക്ഷണം സിആർ പി എഫ് ഉറപ്പാക്കണം.
നവംബർ 24 ന് കാർത്തിക വിളക്ക് കൊളുത്തണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത സർക്കാരിന്റെ നടപടി അച്ചടക്കലംഘനവും, അനുസരണക്കേടുമാണെന്ന് കോടതി വിലയിരുത്തി. ഈ മാസം അവസാനിക്കും മുൻപ് കാർത്തിക വിളക്ക് കൽസ്തംഭത്തിൽ തെളിയിക്കണം . സമീപത്തുള്ള ദർഗയിൽ നിന്ന് എല്ലാ വശങ്ങളിൽ നിന്നും കുറഞ്ഞത് 50 മീറ്റർ അകലെയുള്ള ഈ സ്ഥലത്ത് ഏത് ഭക്തനും ദീപം തെളിയിക്കാമെന്നും കോടതി ഉത്തരവിട്ടു.

