ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഡ്രോൺ പ്രതിരോധ സംവിധാനം ‘ ഭാർവാസ്ത്രയുടെ ‘ പരീക്ഷണം വിജയം . രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലായിരുന്നു പരീക്ഷണം. ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് ഭാർവാസ്ത്ര .സൈനിക വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഭാർവാസ്ത്രയ്ക്ക് ഒന്നിലധികം ഡ്രോണുകളെ ഒരേസമയം നേരിടാനും കരുത്തുണ്ട്.
‘സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ്’ വികസിപ്പിച്ചെടുത്ത ഭാർവാസ്ത്രയുടെ പരീക്ഷണം ഈ മാസം 20 മുതൽ 24 വരെയാണ് നടന്നത്. ഒരേസമയം ഒന്നിലധികം വ്യോമലക്ഷ്യങ്ങളെ നേരിടാൻ ഈ സംവിധാനത്തിന് കഴിയും.ആധുനിക യുദ്ധ മുറകളിൽ ഡ്രോണുകളുടെ ഉപയോഗം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ സൈനിക നീക്കങ്ങൾക്ക് ഈ സാങ്കേതികവിദ്യ അതീവ നിർണ്ണായകമാണ്.
ഭാർവാസ്ത്രയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ രണ്ട് പാളികളുള്ള പ്രതിരോധ സംവിധാനമാണ്. രണ്ട് തലങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ ചെറുക്കുന്നതിനായാണ് ഇത്തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് . വ്യത്യസ്ത ദൂരങ്ങളിൽ നിന്നുമുള്ള ഡ്രോൺ ഭീഷണികളെ തടയുക എന്നതാണ് ഇത്തരമൊരു സംവിധാനത്തിന്റെ ലക്ഷ്യം.
ഇന്ത്യൻ അതിർത്തികളിൽ നിരന്തരം പാക് ഡ്രോണുകൾ ഭീഷണി ഉയർത്താറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ശത്രു ഡ്രോണുകളെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ മാത്രമല്ല അവയെ ഫലപ്രദമായി നശിപ്പിക്കാനുള്ള സംവിധാനങ്ങളും ഇന്ത്യയ്ക്ക് ആവശ്യമാണ്. ഈ ദിശയിലുള്ള പ്രധാന ശ്രമങ്ങളിലൊന്നാണ് ഭാർഗവസ്ത്ര.

