ന്യൂഡൽഹി : മുംബൈ ശിവാജി പാർക്കിൽ നടന്ന പാറ്റാ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഭിജിത് ദീപ്കെ, അശുതോഷ് റാങ്ക് എന്നിവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി . പാസ്പോർട്ടിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ദീപ്കെയ്ക്കും, അശുതോഷ് റാങ്കയ്ക്കും കുരുക് മുറുകിയിരിക്കുന്നത്.
മുംബൈ പൊലീസ് അനുമതി നിഷേധിച്ചിട്ടും ഒക്ടോബർ 3 ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പാറ്റാ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ശിവാജി പാർക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പ്രതിഷേധത്തിന്റെ സംഘാടകരെയും, 400 ഓളം പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായ സംഘം ചേരൽ , ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാതിരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ (BNS) 189, 223 വകുപ്പുകളും മഹാരാഷ്ട്ര പൊലീസ് നിയമത്തിലെ വകുപ്പുകളും പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
ലണ്ടനിലേയ്ക്ക് പോകാനുള്ള സൗരവ് ദാസിന്റെ ശ്രമം തടഞ്ഞതിനു പിന്നാലെ സൗരവ് കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സൗരവിന്റെ പാസ്പോർട്ടിലെ പൊരുത്തക്കേടുകൾ സർക്കാർ ചൂണ്ടിക്കാട്ടിയത്. വിലാസം, മാതാപിതാക്കളുടെ പേരുകളിൽ എല്ലാം പൊരുത്തക്കേടുകൾ ഉണ്ടെന്നും , ഇത് സൗരവിന്റെ പൗരത്വത്തെ പറ്റിയുള്ള സംശയങ്ങൾക്ക് വരെ കാരണമാകുന്നുണ്ടെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
സൗരവിന്റെ പാസ്പോർട്ടിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും ചെന്നൈയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

