ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസാരൻ താഴ്വരയിൽ ഇരുപതിലധികം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ മുന്നണിയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന ടിആർഎഫ് ഏറ്റെടുത്തു കഴിഞ്ഞു . ജമ്മു കശ്മീരിലെ ലഷ്കറിൻ്റെയും ടിആർഎഫിൻ്റെയും ഭീകര പ്രവർത്തനങ്ങൾക്ക് പിന്നിലെ സൂത്രധാരൻ സൈഫുള്ള ഖാലിദ് എന്ന കസൂരി തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന ഈ ആക്രമണങ്ങളുടെ പിന്നിലും.
ലഷ്കർ-ഇ-തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള ഖാലിദ് സൈഫുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ ഹാഫിസ് സയീദുമായി ഏറെ അടുപ്പമുള്ളയാളാണ് . ഇന്ത്യയിൽ നടന്ന പല വലിയ ഭീകരാക്രമണങ്ങളിലും ഇയാളുടെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. അത്യാധുനിക ആയുധങ്ങളുമായി ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന കസൂരി പാകിസ്ഥാൻ പട്ടാളക്കാർക്ക് ഏറെ പ്രിയപ്പെട്ടവനാണ്.
റിപ്പോർട്ടുകൾ പ്രകാരം, രണ്ട് മാസം മുമ്പ്, സൈഫുള്ള ഖാലിദ് പാകിസ്ഥാനിലെ പഞ്ചാബിലെ കങ്കൻപൂരിൽ എത്തിയിരുന്നു, അവിടെ പാകിസ്ഥാൻ സൈന്യത്തിൻ്റെ വലിയ ബറ്റാലിയൻ ആസ്ഥാനമാണ് . പാകിസ്ഥാൻ ആർമിയിലെ കേണൽ സാഹിദ് സരിൻ ഖട്ടക് ജിഹാദി പ്രസംഗം നടത്താനാണ് കസൂരിയെ വിളിപ്പിച്ചത്.
ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന ഒരു യോഗത്തിലും കസൂരി ഇന്ത്യക്കെതിരെ പ്രസ്താവനകൾ ഇറക്കിയിരുന്നു. “ഇന്ന് 2 ഫെബ്രുവരി 2025 . 2026 ഫെബ്രുവരി 2 നകം കശ്മീർ പിടിച്ചെടുക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. വരും ദിവസങ്ങളിൽ നമ്മുടെ മുജാഹിദീൻ ആക്രമണം ശക്തമാക്കും. 2026 ഫെബ്രുവരി 2 ഓടെ കശ്മീർ സ്വതന്ത്രമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”എന്നാണ് അന്ന് കസൂരി പറഞ്ഞത്.
ഐഎസ്ഐയും പാകിസ്ഥാൻ സൈന്യവും സംയുക്തമായാണ് ഈ യോഗം സംഘടിപ്പിച്ചത്. ആയുധധാരികളായ നിരവധി ഭീകരർ ഈ പ്രസംഗം കേൾക്കാൻ ചേർന്നിരുന്നുവെന്നും സൂചനയുണ്ട്.

