കലബുറഗി : ആർ എസ് എസിനെ നിരോധിക്കാൻ നീക്കങ്ങൾ നടത്തുന്ന മന്ത്രി പ്രിയങ്ക് ഖാർഗെയുടെ സ്വന്തം മണ്ഡലമായ ചിറ്റാപൂരിൽ റൂട്ട് മാർച്ച് നടത്താൻ സംഘം . നാളെ റൂട്ട് മാർച്ച് നടത്താനായി എല്ലാ ഒരുക്കങ്ങളും നടത്തുന്നുണ്ട്. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണിത്.
ചിറ്റാപൂരിലെ പ്രധാന റോഡുകളിലെ പ്രധാന സ്ഥലങ്ങളിൽ എല്ലാം കാവി പതാകകളും വലിയ കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. വൈകുന്നേരം 3 മണിക്ക് പട്ടണത്തിലെ ബജാജ് കല്യാണ മണ്ഡപ പരിസരത്ത് യോഗം നടക്കുമെന്നും തുടർന്ന് പട്ടണത്തിലെ പ്രധാന തെരുവുകളിൽ റൂട്ട് മാർച്ച് സംഘടിപ്പിക്കുമെന്നും ആർഎസ്എസ് പറഞ്ഞു. അനുമതി തേടി താലൂക്ക് ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബാനറുകളും പതാകകളും സ്ഥാപിക്കുന്നതിന് സംഘടനാ നേതാക്കൾ ചിറ്റാപൂർ ടൗൺ മുനിസിപ്പൽ കൗൺസിലിന് ആവശ്യമായ ഫീസ് അടച്ചിട്ടുണ്ട്.
ഘോഷയാത്രയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ നടത്തുന്നതിനായി താലൂക്കിന്റെ പല ഭാഗങ്ങളിലും യോഗങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിനായി പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ആർഎസ്എസ് മുതിർന്ന നേതാവ് അശോക് പാട്ടീൽ പറഞ്ഞു. അതേസമയം “ചിറ്റാപൂർ ടൗണിൽ റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി ആർഎസ്എസിൽ നിന്ന് അപേക്ഷ ലഭിച്ചു. അപേക്ഷയിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ട്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. “ – തഹസിൽദാർ നാഗയ്യ ഹിരേമത്ത് പറഞ്ഞു.

