ന്യൂഡൽഹി: ബംഗ്ലാദേശിലെ ക്രമസമാധാന തകർച്ചയിൽ ആശങ്ക ആവർത്തിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം അവിടത്തെ ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യ ഇക്കാര്യം ആവർത്തിച്ച് ഓർമ്മപ്പെടുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
2024 ഓഗസ്റ്റ് 5 മുതൽ 2025 ഫെബ്രുവരി 16 വരെയുള്ള കാലയളവിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായി 2374 അക്രമ സംഭവങ്ങൾ ഉണ്ടായി. എന്നാൽ ഇവയിൽ 1254 എണ്ണം മാത്രമാണ് പോലീസ് രേഖകളിൽ ഉള്ളത്. ഇത്തരത്തിൽ ഉള്ള 98 ശതമാനം സംഭവങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
ഇത്തരം കേസുകളിൽ ശക്തമായി നടപടി ഇന്ത്യ ആവശ്യപ്പെടുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ അട്ടിമറിയുടെ നാളുകളിൽ ജയിൽ മോചിതരായ കൊടും ക്രിമിനലുകൾക്ക് ഇത്തരം കേസുകളിൽ പങ്കുണ്ടോ എന്നതും അന്വേഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

