ന്യൂദൽഹി : കനത്ത വില നൽകേണ്ടി വന്നാലും ഇന്ത്യ സ്വന്തം താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . റഷ്യയിൽ നിന്നുള്ള എണ്ണ തുടർച്ചയായി വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള മറുപടിയായിരുന്നു മോദിയുടെ പ്രസ്താവന.
എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . കർഷകർക്കൊപ്പം നിൽക്കുന്നതിനും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി അമേരിക്ക ഇതുവരെ ഏർപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന തീരുവയുടെ ഭാരം വഹിക്കാൻ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
“ഞങ്ങൾ, നമ്മുടെ കർഷകരുടെ താൽപ്പര്യത്തിനാണ് മുൻഗണന നൽകുന്നത് . കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താൽപ്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. അതിന് നമ്മൾ വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം, ഞാൻ അതിന് തയ്യാറാണ്. ഇന്ത്യ അതിന് തയ്യാറാണ്.” – പ്രധാനമന്ത്രി പറഞ്ഞു. ഏതൊരു രാജ്യത്തിനും മേൽ യുഎസ് ചുമത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യയ്ക്ക് മേൽ യുഎസ് ചുമത്തിയിരിക്കുന്നത് .
റഷ്യൻ എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറാത്തതാണ് യുഎസിനെ പ്രകോപിപ്പിച്ചത് . ട്രംപിന്റെ നീക്കം സമീപ വർഷങ്ങളിലെ യുഎസ്-ഇന്ത്യ ബന്ധത്തിലെ ഏറ്റവും വലിയ വിള്ളൽ വീഴ്ത്തുമെന്നാണ് സൂചന . ഇത് ഇരുവശത്തുമുള്ള കയറ്റുമതിക്കാർക്കും വ്യവസായ നേതാക്കൾക്കും ഇടയിൽ ആശങ്ക ഉയർത്തുന്നുമുണ്ട്. ഇന്ത്യയുടെ കയറ്റുമതിയിൽ പ്രധാന സംഭാവന നൽകുന്ന തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ മേഖലകളെ താരിഫ് ദോഷകരമായി ബാധിക്കുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

