ലക്നൗ : മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി യുപി പോലീസ് . പ്രതി ദീപക് വർമ്മയാണ് പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് .
ലക്നൗവിലെ ആലംബാഗിലാണ് സംഭവം . മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിയെ ദീപക് വർമ്മ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട വഴിയാത്രക്കാരിലൊരാളാണ് വിവരം മാതാപിതാക്കളെ അറിയിച്ചത് .
പെൺകുട്ടിയെ ഉടൻ തന്നെ ലോക്ബന്ധു ആശുപത്രിയിലേക്ക് മാറ്റി . മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് പോലീസ് 5 പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ദീപക് വർമ്മയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
അന്വേഷണത്തിനിടെ ആലംബാഗ് വിവിഐപി റോഡിൽ വച്ച് പ്രതിയെ കണ്ടെത്തി . എന്നാൽ പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപെടാനാണ് ദീപക്ക് വർമ്മ ശ്രമിച്ചത് . തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ദീപക്ക് വർമ്മ കൊല്ലപ്പെടുകയായിരുന്നു . നിലവിൽ പെൺകുട്ടി ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിലാണ് . നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട് .

