മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി . വയനാട് പുൽപ്പള്ളി സ്വദേശി അഷറഫാണ് കൊല്ലപ്പെട്ടത്. അഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബം പറഞ്ഞു . കർണാടകയിലെ മംഗളൂരുവിൽ കുടുപ്പു ഭത്ര കല്ലുരുട്ടി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 19 പേർക്കെതിരെ ആൾക്കൂട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), നിതേഷ് കുമാർ എന്ന സന്തോഷ് (33), ധീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അൽവാരസ് (41), ശ്രീദത്ത (32), രാഹുൽ (23), പ്രദീപ് കുമാർ (32), ദഹന്തി (32), ദഹന്തി (32), ദഹന്തി (32), (27), കിഷോർ കുമാർ (37) എന്നിവരാണ് പിടിയിലായത്.
പ്രാദേശിക ക്രിക്കറ്റ് ടൂർണമെൻ്റിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചത്. കുടുപ്പു സ്വദേശി സച്ചിനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടു. തലയിലും ശരീരത്തിലും ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വെൻലോക്ക് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം എന്നാണ് കണ്ടെത്തൽ.
യുവാവിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.

