ന്യൂഡൽഹി : ഇന്ത്യാ സഖ്യത്തിന് യുഎസുമായി ഇതിലും മികച്ച വ്യാപാര കരാർ ഉണ്ടാക്കാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .പ്രസിഡന്റ് ട്രംപുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നെങ്കിൽ, ഡോളറിനെ സംരക്ഷിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ആസ്തി ഇന്ത്യൻ ഡാറ്റയാണെന്ന് ഞങ്ങൾ പറയുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
ലോക്സഭയിൽ നടന്ന ബജറ്റ് സമ്മേളനത്തിനിടെയാണ് രാഹുലിന്റെ ഈ അവകാശവാദം. വ്യാപാര കരാറിനെ ചോദ്യം ചെയ്ത രാഹുൽ , ഇന്ത്യ മുമ്പ് 3% യുഎസ് താരിഫ് നേരിട്ടിരുന്നുവെന്നും അത് ഇപ്പോൾ 18% ആയി ഉയർന്നുവെന്നും ആറ് മടങ്ങ് വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.
‘ ഇന്ത്യാ സഖ്യം യുഎസുമായി ചർച്ച നടത്തിയിരുന്നെങ്കിൽ മൂന്ന് നിബന്ധനകൾ വെക്കുമായിരുന്നു . പ്രസിഡന്റ് ട്രംപ്, നിങ്ങൾക്ക് ഈ ഡാറ്റയിലേക്ക് പ്രവേശനം വേണമെങ്കിൽ, നിങ്ങൾ ഞങ്ങളോട് തുല്യനിലയിൽ സംസാരിക്കണം. ഞങ്ങൾ നിങ്ങളുടെ കീഴുദ്യോഗസ്ഥരാണെന്ന മട്ടിൽ നിങ്ങൾ ഞങ്ങളോട് സംസാരിക്കരുതെന്ന് ഞങ്ങൾ പറയുമായിരുന്നു . രണ്ടാമതായി, നമ്മുടെ ഊർജ്ജം നമ്മുടെ ഊർജ്ജ സുരക്ഷയാണെന്ന് നിങ്ങൾ മനസ്സിലാക്കണം, ഞങ്ങൾ അത് സംരക്ഷിക്കും. മൂന്നാമതായി, നിങ്ങൾ നിങ്ങളുടെ കർഷകരെ സംരക്ഷിക്കണം, ഞങ്ങൾ ഞങ്ങളുടെ കർഷകരെയും സംരക്ഷിക്കും.അമേരിക്ക ഒരു സൂപ്പർ പവറായി തുടരാനും ഡോളറിനെ സംരക്ഷിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യൻ ഡാറ്റയുടെ പ്രാധാന്യം അവർ മനസ്സിലാക്കണമെന്നും ” രാഹുൽ ഗാന്ധി പറഞ്ഞു.
ഈ മാസം ആദ്യമാണ് ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിൽ എത്തിയത്. ഈ കരാർ പ്രകാരം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കുമേലുള്ള 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. കൂടാതെ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിന് ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവയും നീക്കം ചെയ്തിട്ടുണ്ട്.

