ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഡിപിഡി അയർലൻഡ്. ഇതിന്റെ ഭാഗമായി 10 മില്യൺ യൂറോയുടെ നിക്ഷേപ പദ്ധതി കമ്പനി പ്രഖ്യാപിച്ചു. കമ്പനിയുടെ വെയർ ഹൗസിംഗ്, ലോജിസ്റ്റിക്സ് ശേഷി വികസിപ്പിക്കുന്നതിന് വേണ്ടിയാണ് വൻ തുകയുടെ നിക്ഷേപം. ഇതിന്റെ ഫലമായി പുതിയ 200 ഓളം ജോലികൾ സൃഷ്ടിക്കപ്പെടും.
കമ്പനിയുടെ ഡെലിവറി, ലോജിസ്റ്റിക്സ് സേവനങ്ങൾ, ഔട്ട് ഓഫ് ഹോം സൊല്യൂഷൻ തുടങ്ങിയ എല്ലാ മേഖലകളിലും വലിയ നേട്ടമാണ് അടുത്തിടെ ഉണ്ടായത്. ഇതേ തുടർന്നാണ് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള കമ്പനിയുടെ തീരുമാനം. ഡബ്ലിൻ 22 ലെ നാസ് റോഡിലെ ന്യൂലാൻഡ്സ് ക്രോസിലെ ഗേറ്റ്വേ ലോജിസ്റ്റിക്സ് പാർക്കിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വിതരണ കേന്ദ്രമാണ് വൻ 10 മില്യൺ യൂറോ ഉപയോഗിച്ച് നിക്ഷേപിക്കുക. ഓപ്പറേഷൻസ്, ഡ്രൈവർമാർ, അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിലായിരിക്കും പുതിയ 200 ജോലികൾ എന്ന് ഡിപിഡി പറഞ്ഞു.

