ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഗതാഗത നിയന്ത്രണം. യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. വിവിധയിടങ്ങളിൽ റോഡുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് നിയന്ത്രണങ്ങൾ നിലവിൽവന്നത്. ഇത് ഇന്നും നാളെ ഉച്ചവരെയും തുടരും. പരിപാടികളുടെ ഭാഗമായി വിവിധ യോഗങ്ങളും മറ്റ് ചടങ്ങുകളും ഡബ്ലിൻ കാസിൽ ഉൾപ്പെടെയുള്ളവിടങ്ങളിൽ നടക്കും. ഇതിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ യാത്രകൾ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം.
മെറിയോൺ റോഡ്, മെസ്പിൽ റോഡ്, ലീസൺ സ്ട്രീറ്റ്, സെന്റ് സ്റ്റീഫൻസ് ഗ്രീൻ, കെവിൻ സ്ട്രീറ്റ്, ബ്രൈഡ് സ്ട്രീറ്റ്, അനുബന്ധ റോഡുകൾ എന്നീ മേഖലകളെ ആയിരിക്കും പ്രധാനമായും നിയന്ത്രണം ബാധിക്കുക. ഇന്ന് വൈകീട്ട് അൽപ്പനേരത്തേയ്ക്ക് ഈ റോഡുകളിൽ നിയന്ത്രണം പിൻവലിക്കും. ഡബ്ലിൻ കാസിലിനും ഡബ്ലിൻ പോർട്ടിനും ഇടയിൽ നാളെ വൈകുന്നേരം 4.30 നും 6.30 നും ഇടയിൽ കൂടുതൽ നിയന്ത്രണങ്ങളും അടച്ചിടലുകളും ഉണ്ടാകും.

