ന്യൂഡൽഹി : പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ , വെടിനിർത്തൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഉടൻ തന്നെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .ഇതുമായി ബന്ധപ്പെട്ട് രാഹുൽ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ഏകകണ്ഠമായ അഭ്യർത്ഥന ഞാൻ ആവർത്തിക്കുന്നു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ച വെടിനിർത്തൽ എന്നിവയെക്കുറിച്ച് ജനങ്ങളും അവരുടെ പ്രതിനിധികളും ചർച്ച ചെയ്യേണ്ടത് വളരെ പ്രധാനമാണ്. വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്. .ഈ ആവശ്യം നിങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും ഉടൻ തന്നെ മുൻകൈയെടുക്കുമെന്നും എനിക്ക് ഉറപ്പുണ്ട്”, രാഹുൽ ഗാന്ധി കത്തിൽ പറയുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. “2025 ഏപ്രിൽ 28 ന് ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ ഒരുമിച്ച് പഹൽഗാമിലെ ഭീകരാക്രമണം കണക്കിലെടുത്ത് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ഇപ്പോൾ ഓപ്പറേഷൻ സിന്ദൂരും വെടിനിർത്തലും പ്രഖ്യാപിച്ചതിനാൽ, എല്ലാ പ്രതിപക്ഷ പാർട്ടികളും വീണ്ടും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ഏകകണ്ഠമായി അഭ്യർത്ഥിച്ചിട്ടുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ, ഞാൻ ഈ അഭ്യർത്ഥന നിങ്ങളെ അറിയിക്കുന്നു “ – എന്നാണ് ഖാർഗെയുടെ കത്തിൽ പറയുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഓപ്പറേഷൻ സിന്ദൂരും വെടിനിർത്തലും സംബന്ധിച്ച് ഒരു സർവകക്ഷി യോഗം വിളിച്ച് പൂർണ്ണ വിവരങ്ങൾ നൽകണമെന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലും പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചു

