അജ്മൽ കസബിനെ പോലെ തഹാവൂർ റാണയ്ക്കും തൂക്കുകയറിൽ കുറഞ്ഞൊരു ശിക്ഷ നല്കരുതെന്ന് മുംബൈ ഭീകരക്രമണത്തിൽ പരിക്കേറ്റ സൈനികൻ പി വി മനേഷ്. ലോകത്ത് എവിടെ ഒളിച്ചാലും തിരികെ കൊണ്ട് വരുമെന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നൽകിയത്.
മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരൊക്ക ഉണ്ടെങ്കിലും അവരെ എല്ലാം കണ്ടെത്താനും, ശിക്ഷിക്കാനും ഇത് വഴി കഴിയും. തഹാവുർ റാണ അതിനുള്ള മാർഗമാകുമെന്നും പി വി മനേഷ് പറഞ്ഞു. 166 പേർ മരിക്കുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഇപ്പോഴും കൺമുന്നിലുണ്ടെന്ന് മനേഷ് പറയുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും ആർത്തനാദം മനസ്സിൽനിന്ന് മായുന്നില്ല. ഭീകരരെ നേരിട്ട് അവരിൽ രണ്ടുപേരെ വധിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട് -മനേഷ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്. മോദി സർക്കാരിന്റെ നയതന്ത്ര വിജയമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.