ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പുടിന്റെ ഈ പരാമർശം .റഷ്യയുടെ അസംസ്കൃത എണ്ണയോടും ഊർജ്ജത്തോടുമുള്ള യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും മനോഭാവത്തെയും പുടിൻ ചോദ്യം ചെയ്തു . ആണവ നിലയങ്ങൾക്കായി അമേരിക്ക റഷ്യയിൽ നിന്ന് ആണവ ഇന്ധനം വാങ്ങുന്നുണ്ടെന്നും എന്നാൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നുണ്ടെന്നും പുടിൻ പറഞ്ഞു .
‘ ഇന്ത്യയുടെ ശക്തവും വ്യക്തവുമായ നിലപാട് ലോകം കണ്ടു. . റഷ്യൻ എണ്ണ വാങ്ങുന്നതിന് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തി, ഇതോടെ മൊത്തം തീരുവ 50 ശതമാനമായി. ഏതൊരു രാജ്യത്തിനും സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും‘ പുടിൻ പറഞ്ഞു.
“അമേരിക്കയുടെയും ട്രംപിന്റെയും സാമ്പത്തിക ഉപദേഷ്ടാക്കൾ ഇത്തരം താരിഫുകൾ ഏർപ്പെടുത്തുന്നത് അവർക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു, എന്നാൽ ഞങ്ങളുടെ വിദഗ്ദ്ധർ അത്തരം നയങ്ങൾ അപകടകരമാണെന്ന് വിശ്വസിക്കുന്നു. ഞങ്ങൾ ഒരിക്കലും ഇത് ചെയ്തിട്ടില്ല, ഇനി ഒരിക്കലും ചെയ്യുകയുമില്ല. റഷ്യ ഒരു തുറന്ന സമ്പദ്വ്യവസ്ഥയിൽ വിശ്വസിക്കുന്നു. ലോക വ്യാപാര സംഘടനയുടെ (WTO ) നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” പുടിൻ പറഞ്ഞു.

