ക്വാലലമ്പൂർ ; മലേഷ്യയിലെ ഹിന്ദുക്ഷേത്രങ്ങൾക്കെതിരെ പ്രതിഷേധ റാലി നടത്തുമെന്ന് ആഹ്വാനം ചെയ്ത വിവാദ തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ മുഹമ്മദ് സാമ്രി വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിൽ എത്തുന്നതിനു മുന്നോടിയായി ഹിന്ദുക്കൾക്കും, ക്ഷേത്രങ്ങൾക്കുമെതിരെ നീങ്ങാനായിരുന്നു സാമ്രിയുടെ ആഹ്വാനം.
നഗരമധ്യത്തിലെ സോഗോ ഡിപ്പാർട്ട്മെന്റ് സ്റ്റോറിന് പുറത്ത് രാത്രി 9 മണിക്ക് നിശ്ചയിച്ചിരുന്ന പ്രതിഷേധം സുരക്ഷാ കാരണങ്ങളാൽ പോലീസ് തടഞ്ഞു. “അറസ്റ്റ് ചെയ്തവരിൽ സാമ്രി വിനോദും മറ്റ് നിരവധി ആളുകളും ഉൾപ്പെടുന്നു” എന്ന് ക്വാലാലംപൂർ പോലീസ് മേധാവി ദാതുക് ഫാദിൽ മാർസസ് പറഞ്ഞു.
അഭിഭാഷകൻ ഹനീഫ് ഖത്രി അബ്ദുള്ള, ബെർസാറ്റുവിന്റെ ഹുലു ലങ്കാറ്റ് ഡിവിഷൻ ഇൻഫർമേഷൻ ചീഫ് ഷഫീഖ് അബ്ദുൾ ഹാലിം, ഉമ്മ എൻജിഒയിൽ നിന്നുള്ള ഹിഷാമുദ്ദീൻ അബു ബക്കർ, ബെർസാറ്റുവിലെ ഇസ്കന്ദർ ഖൂ, പിപിഐഎമ്മിൽ നിന്നുള്ള ഗുലാബ് ജാൻ, വെബ്സൈറ്റ് ഉടമ തമീം ദഹാരി അബ്ദുൾ റസാഖ് എന്നിവരുൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്തെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സംഭവസ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. ലൈറ്റ് സ്ട്രൈക്ക് ഫോഴ്സ് അംഗങ്ങൾ ഉൾപ്പെടെ 200 പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിംഗ് നടത്തി. ഡാങ് വാങ്കി പോലീസ് മേധാവി സസാലി ആദം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
രാവിലെ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ” നിയമങ്ങൾ ലംഘിക്കുകയും വംശീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്താൽ, അവരെ അറസ്റ്റ് ചെയ്ത് പുറത്താക്കുക” എന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
സമ്രിയെ ജാമ്യത്തിൽ വിടരുതെന്നും ആരും നിയമത്തിന് അതീതരല്ലെന്ന് വ്യക്തമാക്കി കോടതിയിൽ കുറ്റം ചുമത്തണമെന്നും ജെലുതോംഗ് എംപി ആർഎസ്എൻ റായർ പറഞ്ഞു. ഫെബ്രുവരി 7, 8 തീയതികളിൽ നരേന്ദ്ര മോദിയുടെ മലേഷ്യയിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനിടെയാണ് ഈ റാലി ആസൂത്രണം ചെയ്തത്. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് മോദിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം.
സന്ദർശനത്തിന് മുന്നോടിയായി, ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ റാലി സംഘടിപ്പിക്കുമെന്ന് സാമ്രി ഫേസ്ബുക്കിൽ പ്രഖ്യാപിച്ചിരുന്നു. സോഗോ കെഎല്ലിന് പുറത്ത് ഒത്തുകൂടാൻ തന്റെ പോസ്റ്റിൽ അനുയായികളോട് അഭ്യർത്ഥിക്കുകയും അവർ “നുഴഞ്ഞുകയറ്റക്കാർക്കെതിരെ പോരാടുമെന്ന്” അവകാശപ്പെടുകയും ചെയ്തു.
മലേഷ്യൻ തമിഴ് വംശജനായ, മുമ്പ് വിനോത് കാളിമുത്തു എന്നറിയപ്പെട്ടിരുന്ന സാമ്രി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും ഹിന്ദുമതത്തെക്കുറിച്ച് നിരവധി പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത വ്യക്തിയാണ്.മാത്രമല്ല മലേഷ്യയിൽ സർക്കാർ അഭയം നൽകിയ വിദ്വേഷ പ്രസംഗകൻ സാക്കിർ നായിക്കിന്റെ ഉറച്ച അനുയായിയുമാണ് സാമ്രി .

