ന്യൂഡൽഹി : തന്നെ സുഹൃത്തെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പരാമർശത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . “പ്രസിഡന്റ് ട്രംപിന്റെ വികാരങ്ങളെയും നമ്മുടെ ബന്ധങ്ങളെക്കുറിച്ചുള്ള പോസിറ്റീവ് വിലയിരുത്തലിനെയും ആഴത്തിൽ അഭിനന്ദിക്കുന്നു. പൂർണ്ണമായും പരസ്പരം പ്രതികരിക്കുക . ഇന്ത്യയ്ക്കും യുഎസിനും വളരെ പോസിറ്റീവും ഭാവിയിലേക്കുള്ളതുമായ സമഗ്രവും ആഗോള തന്ത്രപരവുമായ പങ്കാളിത്തമുണ്ട്.” എന്നാണ് മോദി എക്സിൽ കുറിച്ചത്.
റഷ്യയുമായുള്ള വ്യാപാരകരാറിന്റെ പേരിലാണ് ഇന്ത്യയ്ക്ക് യുഎസ് 50 ശതമാനം താരിഫ് ചുമത്തിയത് . മാത്രമല്ല വൈറ്റ് ഹൗസ് ഉപദേഷ്ടാവ് അടക്കം ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യയ്ക്ക് നിർജീവ സമ്പദ് വ്യവസ്ഥയാണ് ഉള്ളതെന്ന ട്രമ്പിന്റെ പ്രസ്താവനയും വിദ്വേഷത്തിന് കാരണമായി .
അതിനു പിന്നാലെയാണ് ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ചൈനയിലെത്തിയത് . ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗുമായും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും മോദി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു . എന്നാൽ കഴിഞ്ഞ ദിവസം റഷ്യയും ഇന്ത്യയും കമ്മ്യൂണിസ്റ്റ് ചൈനയുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ അതൃപ്തിയും ആശങ്കയും പ്രകടിപ്പിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.
മാത്രമല്ല ഇന്ത്യ-യുഎസ് ബന്ധത്തെ “വളരെ പ്രത്യേകമായ ബന്ധം” എന്നാണ് ട്രമ്പ് വിശേഷിപ്പിച്ചത് . നരേന്ദ്ര മോദിയും താനും എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
“ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നിങ്ങൾ തയ്യാറാണോ?” എന്ന ചോദ്യത്തിന് “ഞാൻ എപ്പോഴും തയ്യാറാണ്. ഞാൻ എപ്പോഴും പ്രധാനമന്ത്രി മോദിയുമായി സുഹൃത്തുക്കളായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞാൻ എപ്പോഴും സുഹൃത്തുക്കളായിരിക്കും, “ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

