ന്യൂഡൽഹി : ഗാസ സമാധാന പദ്ധതി നടപ്പിലാക്കുന്നതിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് ഇന്ത്യ . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ സംഭാഷണത്തിനിടെ മോദി ഉറപ്പിച്ചു.
ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും ഇരു രാജ്യങ്ങളുടെയും പരസ്പര നേട്ടത്തിനായി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തുവെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.
മാത്രമല്ല, ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയും ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . “പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അൽപ്പം മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി @NarendraModi യുമായി സംസാരിച്ചു. ഊഷ്മളവും സൗഹൃദപരവുമായ സംഭാഷണത്തിനൊടുവിൽ, വളരെ വേഗം കൂടിക്കാഴ്ച നടത്താൻ ഇരു നേതാക്കളും സമ്മതിച്ചു,” ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു . ചർച്ചയ്ക്കിടെ, ഭീകരതയെ ശക്തമായി അപലപിക്കുകയും എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇരു രാജ്യങ്ങളും ആവർത്തിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു . ഗാസ സമാധാന പദ്ധതി നേരത്തെ നടപ്പിലാക്കുന്നത് ഉൾപ്പെടെ, മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു .
നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതിനെ തുടർന്നാണ് ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചത് . 2023 മുതൽ ചർച്ചയിലായിരുന്നു നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം , ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തെത്തുടർന്നാണത് പാളം തെറ്റിയത് . ഗാസയിൽ ഇപ്പോൾ വെടിനിർത്തൽ നിലവിലുണ്ട് എന്നതിനാൽ, ഡിസംബർ സന്ദർശനം പരിഗണിക്കുന്നുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നു. അടുത്തവർഷം ആദ്യം നെതന്യാഹു ഇന്ത്യയിലെത്തുമെന്നാണ് സൂചന.

