വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തിയതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തന്നോട് അതൃപ്തി ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഹൗസ് ജിഒപി അംഗത്തിന്റെ റിട്രീറ്റിൽ സംസാരിക്കുകയായിരുന്നു ട്രംപ്. “പ്രധാനമന്ത്രി മോദി എന്നെ കാണാൻ വന്നു, എനിക്ക് അദ്ദേഹവുമായി വളരെ നല്ല ബന്ധമുണ്ട്. എന്നാൽ ഇപ്പോൾ താരിഫ് നിരക്ക് ഉയർത്തിയതോടെ അദ്ദേഹം എന്നോട് അത്ര സന്തുഷ്ടനല്ല. എന്നാൽ ഇപ്പോൾ അവർ റഷ്യയുമായുള്ള എണ്ണ വ്യാപാരം ഗണ്യമായി കുറച്ചിരിക്കുന്നു” എന്നും ട്രംപ് പറഞ്ഞു.
അഞ്ച് വർഷമായി അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കായി കാത്തിരിക്കുകയാണെന്ന് ഇന്ത്യ തന്നോട് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള യുഎസ് ആശങ്കകൾ ഇന്ത്യ പരിഹരിച്ചില്ലെങ്കിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തീരുവ ഉയർത്താൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാൻ അമേരിക്ക ശ്രമിക്കുകയാണ് . കഴിഞ്ഞ വർഷം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50% ആയി ഇരട്ടിയാക്കി, ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ അസംസ്കൃത എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് താരിഫ് കൂട്ടിയത് . ഇന്ത്യയും യുഎസും സാധ്യമായ വ്യാപാര കരാറിനെക്കുറിച്ചും ചർച്ചകൾ നടത്തുന്നുണ്ട്.ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയും പൗരന്മാർക്ക് താങ്ങാനാവുന്ന വിലയിൽ ഇന്ധന വിതരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയുമാണ് ഇന്ത്യയുടെ തീരുമാനമെന്ന് മോദി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

