ഇംഫാൽ: മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുരാചന്ദ്പൂർ ജില്ലയിലെ ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.
‘മണിപ്പൂർ പ്രകൃതിയുടെ സമ്മാനമാണ്. ഇവിടുത്തെ കുന്നുകൾ മനോഹരവും അതുല്യവുമാണ്. കനത്ത മഴയെ അതിജീവിച്ച് പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെയെത്തിയവരോട് ഞാൻ നന്ദി പറയുന്നു. ഇത് ധീരന്മാരുടെ നാടാണ്. മണിപ്പൂരിലെ ജനങ്ങളെ ഞാൻ നമിക്കുന്നു. ഈ മനോഹരമായ സ്ഥലം അക്രമത്താൽ തകർന്നു , പക്ഷേ ഒരു പുതിയ പ്രഭാതം ആരംഭിക്കാൻ പോകുന്നു. ആളുകൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കും. ഞാൻ നിങ്ങളോടൊപ്പമുണ്ട്. കേന്ദ്ര സർക്കാർ നിങ്ങളോടൊപ്പമുണ്ട്. “ മോദി പറഞ്ഞു.
മണിപ്പൂരിലെ കലാപബാധിതരെ മോദി സന്ദർശിക്കും. കുക്കി മേഖലയായ ചുരാചന്ദ്പൂരും മെയ്തി ആധിപത്യമുള്ള സ്ഥലമായ ഇംഫാലും അദ്ദേഹം സന്ദർശിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചുരാചന്ദ്പൂരിൽ 7,300 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഇംഫാലിൽ 1,200 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
വൈകുന്നേരം അദ്ദേഹം അസമിലേക്ക് പോകും. വർഷങ്ങളായി സംസ്ഥാനത്ത് കലാപം തുടരുന്നുണ്ടെങ്കിലും കലാപബാധിതമായ മണിപ്പൂർ സന്ദർശിക്കാൻ മോദി വൈകിയതിൽ പ്രതിപക്ഷ പാർട്ടികൾ വിലപിക്കുന്ന സമയത്താണ് ഈ സന്ദർശനം. മണിപ്പൂരിന് പുറമേ, മിസോറാം, അസം, ബംഗാൾ, ബീഹാർ സംസ്ഥാനങ്ങളും 15 വരെ പ്രധാനമന്ത്രി മോദി സന്ദർശിക്കും. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

