ന്യൂഡൽഹി : ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് അമൂല്യ വസ്തുക്കൾ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി . അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള പുണ്യജലവുമാണ് ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് നരേന്ദ്രമോദി നൽകിയ സമ്മാനം . ഇന്ത്യയിലെ മഹത്തായ രാമക്ഷേത്ര നിർമ്മാണത്തിനായി കരീബിയൻ ജനത പുണ്യജലം അയച്ചിരുന്നു. ഇന്ന് അതേ ബഹുമാനത്തോടെ അയോദ്ധ്യക്ഷേത്രത്തിന്റെ പകർപ്പിനൊപ്പം സരയൂ നദിയിലെ പുണ്യജലം നൽകിയിരിക്കുകയാണ് മോദി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ എത്തിയപ്പോൾ ഇന്ത്യൻ പ്രവാസികളുടെ ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കരീബിയൻ രാജ്യത്തേയ്ക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ വമ്പൻ വരവേൽപ്പാണ് മോദിയ്ക്ക് ലഭിച്ചത് . രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന്റെ ആഴമായ വിശ്വാസത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അവരുടെ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.
“ശ്രീരാമനിലുള്ള നിങ്ങളുടെ ആഴമായ വിശ്വാസത്തെക്കുറിച്ച് എനിക്കറിയാം. രാമചരിതമാനസത്തിൽ പറഞ്ഞിട്ടുണ്ട്, ശ്രീരാമന്റെ പുണ്യനഗരം വളരെ മനോഹരമാണെന്നും അതിന്റെ മഹത്വം ലോകമെമ്പാടും വാഴ്ത്തപ്പെടുന്നു. 500 വർഷങ്ങൾക്ക് ശേഷം രാം ലല്ല അയോധ്യയിലേക്ക് മടങ്ങിയെത്തിയതിനെ നിങ്ങൾ എല്ലാവരും വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി നിങ്ങൾ പുണ്യജലവും കല്ലുകളും അയച്ചതായി ഞങ്ങൾ ഓർക്കുന്നു, ഈ പരിപാടിയിൽ 4,000-ത്തിലധികം ആളുകൾ പങ്കെടുത്തു.
സമാനമായ ഭക്തിയുള്ള ഒന്ന് ഞാനും കൊണ്ടുവന്നിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഒരു പകർപ്പും സരയു നദിയിൽ നിന്ന് കുറച്ച് വെള്ളവും കൊണ്ടുവരാൻ കഴിഞ്ഞത് ഞാൻ ഒരു ബഹുമതിയായി കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി കമല പ്രസാദ്-ബിസെസ്സറും അവരുടെ മന്ത്രിസഭയിലെ അംഗങ്ങളും എംപിമാരും പരിപാടിയിൽ പങ്കെടുത്തു.