ന്യൂഡൽഹി : സൈപ്രസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആദരവ് . സൈപ്രസിലെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സാണ് മോദിയ്ക്ക് ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് ‘ നൽകി ആദരിച്ചത്. ഇത് രാജ്യത്തിന്റെ പരമോന്നത ബഹുമതിയാണ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള നേതൃത്വത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുമാണ് ഈ ബഹുമതി.
ഇത് തനിക്ക് ലഭിച്ച ബഹുമതിയല്ല, മറിച്ച് എല്ലാ ഇന്ത്യക്കാർക്കും ലഭിച്ച ബഹുമതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ 140 കോടി ഇന്ത്യക്കാരുടെയും അവാർഡാണ്. അവരുടെ ശക്തിയുടെയും അഭിലാഷങ്ങളുടെയും അവാർഡാണിത്. നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക സാഹോദര്യത്തിന്റെയും “വസുധൈവ കുടുംബകം” എന്ന പ്രത്യയശാസ്ത്രത്തിന്റെയും അവാർഡാണിത്. ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദ ബന്ധത്തിനും, നമ്മുടെ പങ്കിട്ട മൂല്യങ്ങൾക്കും ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു. എല്ലാ ഇന്ത്യക്കാരുടെയും പേരിൽ, ഞാൻ ഈ അവാർഡ് അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടി സ്വീകരിക്കുന്നു. സമാധാനം, സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത, നമ്മുടെ ജനങ്ങളുടെ സമൃദ്ധി എന്നിവയോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ അവാർഡ്.” – നരേന്ദ്രമോദി പറഞ്ഞു
ഇന്ത്യയും സൈപ്രസും തമ്മിലുള്ള ബന്ധത്തോടുള്ള ഉത്തരവാദിത്തമായി ഈ അവാർഡിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കുന്നു. ആ വികാരത്തോടെയാണ് ഞാൻ അത് സ്വീകരിക്കുന്നത്. വരും കാലങ്ങളിൽ നമ്മുടെ സജീവ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.നമ്മുടെ രാജ്യങ്ങളുടെ വികസനം ശക്തിപ്പെടുത്തുക മാത്രമല്ല, സമാധാനപരവും സുരക്ഷിതവുമായ ഒരു ആഗോള പരിസ്ഥിതി സൃഷ്ടിക്കുന്നതിന് ഒരുമിച്ച് സംഭാവന നൽകുകയും ചെയ്യും.- മോദി പറഞ്ഞു.

