ന്യൂഡൽഹി : ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ചൈനയിലെത്തിയ പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുൻപാണ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്.
‘ നിങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വർഷം കസാനിൽ നടന്ന ഞങ്ങളുടെ കൂടിക്കാഴ്ച വിജയകരമായിരുന്നു. ലോകം ഒരു വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്. നമ്മൾ രണ്ടുപേരും ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളാണ്. നല്ല അയൽക്കാരായിരിക്കേണ്ടതും വ്യാളിയും ആനയും ഒന്നിച്ചുവരേണ്ടതും പ്രധാനമാണ്. ‘ – നരേന്ദ്രമോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു . വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെക്കുറിച്ചും മോദി പരാമർശിച്ചു. ഈ മൂന്ന് മൂല്യങ്ങളും സത്യസന്ധതയോടെ ഉയർത്തിപ്പിടിക്കുമ്പോൾ മാത്രമേ ഇന്ത്യ ചൈനയെ വിശ്വസിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കസാനിൽ നടന്ന ഞങ്ങളുടെ അവസാന കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. അത് ഞങ്ങളുടെ ബന്ധങ്ങൾക്ക് ഒരു നല്ല ദിശാബോധം നൽകി. അതിർത്തികളിൽ സമാധാനവും സ്ഥിരതയും നിലനിൽക്കുന്നു. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു, ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളും പുനഃസ്ഥാപിച്ചുവരുന്നു. 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് മനുഷ്യരാശിയുടെ ക്ഷേമത്തിന് വളരെ പ്രധാനമാണ്.” – എന്നും മോദി വ്യക്തമാക്കി.
എസ്സിഒ ഉച്ചകോടിയിൽ പങ്കെടുത്തതിന് മോദിയോട് നന്ദി പറഞ്ഞ ഷി ജിൻപിംഗ്, ഇന്ത്യയും ചൈനയും മഹത്തായ നാഗരികതകളാണെന്നും വ്യക്തമാക്കി . ‘ വ്യാളിയുടെയും ആനയുടെയും കൂട്ടുകെട്ട് പ്രധാനമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം പ്രധാനമാണ്. സൗഹൃദവും നല്ല അയൽക്കാരനായിരിക്കലും അത്യാവശ്യമാണ് ‘ – ഷി ജിൻപിംഗ് പറഞ്ഞു.

