ജയ്പൂർ: രാജസ്ഥാനിലെ ചുരുവിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണ സംഭവത്തിൽ പൈലറ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം . ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. അപകടം നടന്ന സ്ഥലത്തിന് സമീപം മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. രണ്ട് തദ്ദേശവാസികൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രാജസ്ഥാനിലെ സൂറത്ത്ഗഡ് വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്.
ഇന്ത്യയിൽ ആറ് സ്ക്വാഡ്രണുകളിലായി 120 ജാഗ്വാർ യുദ്ധവിമാനങ്ങളുണ്ട്. ഈ വർഷം ഇത് മൂന്നാമത്തെ ജാഗ്വാർ യുദ്ധവിമാന അപകടമാണ്. മാർച്ച് 7 ന് ഹരിയാനയിലെ പഞ്ച്കുലയിലാണ് ആദ്യ അപകടം നടന്നത്. ഏപ്രിൽ 2 ന് ഗുജറാത്തിലെ ജാംനഗറിലും ഒരു യുദ്ധവിമാനം തകർന്നുവീണു.സിംഗിൾ, ഡബിൾ സീറ്റ് വേരിയന്റുകളിൽ ലഭ്യമായ ഇരട്ട എഞ്ചിൻ യുദ്ധവിമാനമാണ് ജാഗ്വാർ. വിന്റേജ് വിമാനങ്ങളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, വ്യോമസേന വ്യാപകമായി ഉപയോഗിക്കുന്ന വിമാനങ്ങളാണിവ.

