ഡബ്ലിൻ: അയർലൻഡിലെ വിവിധ ആശുപത്രികളിൽ കിടക്കക്ഷാമത്തെ തുടർന്ന് ട്രോളികളിൽ ചികിത്സതേടിയവരുടെ എണ്ണം പുറത്ത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പതിനായിരത്തിലധികം പേരാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിഞ്ഞത് എന്നാണ് വിവരം.
ഐഎൻഎംഒ പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ച് മാസത്തിൽ 11,130 രോഗികളാണ് കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ടിയത്. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ഇത് രണ്ടാമത്തെ തവണയാണ് ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണം ഇത്രയും ഉയരുന്നത്. ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു ഏറ്റവും കൂടുതൽ രോഗികൾ കഴിഞ്ഞ മാസം ട്രോളികളിൽ ചികിത്സയിൽ കഴിഞ്ഞത്. 1701 രോഗികൾക്കാണ് ഇവിടെ ട്രോളികളിൽ ചികിത്സ നൽകിയത്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 939 പേരും സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 924 പേരും കഴിഞ്ഞ മാസം ട്രോളികളിൽ ചികിത്സ തേടി.

