ചെന്നൈ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 37 കാരനായ പാസ്റ്റർ അറസ്റ്റിൽ. കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രെയർ ഹാൾ പാസ്റ്ററായ ജോൺ ജെബരാജാണ് മൂന്നാറിൽ നിന്ന് അറസ്റ്റിലായത്. പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു . ന്യൂ ജനറേഷൻ ആരാധനാ രീതികളിലൂടെ യുവാക്കൾക്കിടയിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു.
2024 മെയ് മാസത്തിലാണ് സംഭവം . കോയമ്പത്തൂരിലെ ഇയാളുടെ വസതിയിൽ വച്ച് പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. സംഭവം നടന്ന് 11 മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടികളിലൊരാളുടെ ബന്ധുക്കൾ പരാതി നൽകിയത്. 17ഉം 14ഉം വയസ്സുള്ളവരാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജോൺ ജെബരാജ് പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. പിടിയിലായ പാസ്റ്ററെ പോലീസ് കോയമ്പത്തൂരിലെത്തിച്ചു.

