ശ്രീനഗർ : ഇന്ത്യൻ സൈന്യത്തെ ഭയന്ന് 72 ലധികം ‘ലോഞ്ച്പാഡുകൾ’ ഉൾപ്രദേശങ്ങളിലേക്ക് മാറ്റി പാകിസ്ഥാൻ . എന്നാൽ അതിർത്തി കടന്ന് ‘ഓപ്പറേഷൻ സിന്ദൂറിന്റെ ‘ മറ്റൊരു പതിപ്പ് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചാൽ, ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം പറയുന്നു.
“ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിയിലെ നിരവധി തീവ്രവാദ ലോഞ്ച്പാഡുകൾ ബിഎസ്എഫ് നശിപ്പിച്ചു, അതിനുശേഷം പാകിസ്ഥാൻ സർക്കാർ അത്തരം കേന്ദ്രങ്ങൾ ഉൾപ്രദേശങ്ങളിലേക്ക് മാറ്റി. സിയാൽകോട്ടിലും സഫർവാളിലും ഏകദേശം 12 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നുണ്ട്, അവ യഥാർത്ഥത്തിൽ അതിർത്തിയിലല്ല. അതുപോലെ, അതിർത്തിയിൽ നിന്ന് അകലെയുള്ള മറ്റ് ഉൾപ്രദേശങ്ങളിൽ 60 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നുണ്ട്” ഉന്നത സൈനികോദ്യോഗസ്ഥൻ പറഞ്ഞു.
ഈ ലോഞ്ച്പാഡുകളും നിലവിലുള്ള തീവ്രവാദികളുടെ എണ്ണവും വ്യത്യസ്തമാണെന്ന് ഉദ്യോഗസ്ഥൻ പറയുന്നു . “അവ അവിടെ സ്ഥിരമായി നിലയുറപ്പിച്ചിട്ടില്ല. തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കേണ്ടിവരുമ്പോൾ ഈ ലോഞ്ച്പാഡുകൾ സാധാരണയായി സജീവമാകും. രണ്ടോ മൂന്നോ പേരിൽ കൂടുതൽ ഗ്രൂപ്പുകളായി ലോഞ്ച്പാഡുകൾ ഉണ്ടാകാറില്ല ” ഡിഐജി കുൻവർ പറഞ്ഞു.
അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിലവിൽ പരിശീലന ക്യാമ്പുകളൊന്നുമില്ലെന്നും ഡിഐജി കുൻവർ പറഞ്ഞു “നേരത്തെ, നിയുക്ത പ്രദേശങ്ങളുണ്ടായിരുന്നു, സാധാരണയായി ജെയ്ഷെ-ഇ-മുഹമ്മദ് തീവ്രവാദികൾ താഴ്ന്ന പ്രദേശങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്, അതേസമയം ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികൾ മുകൾ പ്രദേശങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. ഓപ്പറേഷൻ സിന്ദൂരിനുശേഷം, സംയുക്തമായി പരിശീലനം നേടുന്നതിനായി അവർ ഒരു മിശ്രിത ഗ്രൂപ്പ് രൂപീകരിച്ചു,” കുൻവർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചാൽ, സർക്കാരിന്റെ ഉത്തരവുകൾ പാലിക്കാൻ ബിഎസ്എഫ് തയ്യാറാണെന്ന് ഇൻസ്പെക്ടർ ജനറൽ (ഐജി) ആനന്ദ് പറഞ്ഞു. ‘ 1965, 1971, 1999 ലെ കാർഗിൽ യുദ്ധങ്ങൾ പരിഗണിക്കുകയാണെങ്കിലും ഓപ്പറേഷൻ സിന്ദൂർ പരിഗണിക്കുകയാണെങ്കിലും, പരമ്പരാഗതമോ ഹൈബ്രിഡോ ആകട്ടെ, എല്ലാത്തരം യുദ്ധങ്ങളിലും ബിഎസ്എഫിന് ഗണ്യമായ പരിചയമുണ്ട്. ഞങ്ങൾ തയ്യാറാണ്. അവസരം ലഭിച്ചാൽ, മെയ് മാസത്തിൽ ഞങ്ങൾ ചെയ്തതിനേക്കാൾ വലിയ നാശനഷ്ടങ്ങൾ വരുത്താൻ ഞങ്ങൾക്ക് കഴിയും. സർക്കാർ എന്ത് നയം തീരുമാനിച്ചാലും, ബിഎസ്എഫ് അതിന്റെ പങ്ക് വഹിക്കും” ആനന്ദ് പറഞ്ഞു.

