ഇസ്ലാമാബാദ് ; പാക് കോടതിക്ക് പുറത്ത് 12 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വാനയിലെ ഒരു കാഡറ്റ് കോളേജിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് ഷെഹ്ബാസ് ഷെരീഫിന്റെ ആരോപണം.
ആക്രമണങ്ങൾക്ക് പിന്നിൽ “ഇന്ത്യ സ്പോൺസർ ചെയ്ത തീവ്രവാദ പ്രോക്സികൾ” ആണെന്നാണ് ഷെഹ്ബാസ് ഷെരീഫ് പറയുന്നത് . “പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യ സ്പോൺസർ ചെയ്ത ഭീകരതയുടെ തുടർച്ചയാണ് ഈ ആക്രമണങ്ങൾ,” ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) നടത്തിയ ആക്രമണങ്ങളെ കാബൂളിലെ താലിബാൻ ഭരണകൂടവുമായി ബന്ധിപ്പിച്ച പാകിസ്ഥാൻ താലിബാൻ “ഇന്ത്യയുടെ പാവ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിനായി ടിടിപിയെ ഫിറ്റ്ന അൽ ഹിന്ദുസ്ഥാൻ എന്ന് പോലും അവർ പരിഹാസപൂർവ്വം നാമകരണം ചെയ്തിട്ടുണ്ട്.
ഡൽഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെയാണ് ഇസ്ലാമാബാദിലും സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപത്തായാണ് സ്ഫോടനം ഉണ്ടായത്. തിരക്കേറിയ ദിവസമായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പ്രവൃത്തി ദിവസമായതുകൊണ്ട് തന്നെ കോടതി പരിസരത്ത് നിരവധി അഭിഭാഷകരും ഉണ്ടായിരുന്നു.

