ന്യൂഡൽഹി : ഇന്ത്യ തങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ സൗദി അറേബ്യ പ്രതിരോധിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് . ഇരു രാജ്യങ്ങളും ഈ ആഴ്ച ഒപ്പുവച്ച കരാറിലെ ‘തന്ത്രപരമായ പരസ്പര സഹായം’ എന്ന ഘടകത്തെ പറ്റി പുകഴ്ത്തുകയായിരുന്നു സൗദി അറേബ്യ .
പാക് വാർത്താ ചാനലായ ജിയോ ടിവിയോട് സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ് .‘കൂട്ടായ പ്രതിരോധം’ എന്ന് പരാമർശിക്കുന്ന നാറ്റോ കരാറിന്റെ ആർട്ടിക്കിൾ 5 ന് സമാനതകൾ കാണിച്ചുകൊണ്ടായിരുന്നു ആസിഫിന്റെ പ്രസ്താവന .
‘ സൗദി അറേബ്യയുമായുള്ള കരാറിൽ ‘ആക്രമണ’ ക്രമീകരണത്തേക്കാൾ ‘പ്രതിരോധത്തിനാണ് ‘ മുൻ ഗണന. സൗദി അറേബ്യയ്ക്കെതിരെയോ പാകിസ്ഥാനെതിരെയോ ആക്രമണം ഉണ്ടായാൽ, ഞങ്ങൾ സംയുക്തമായി അതിനെ പ്രതിരോധിക്കും. ഈ കരാർ ഏതെങ്കിലും ആക്രമണത്തിന് ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല . എന്നാൽ കക്ഷികൾക്ക് ഭീഷണിയുണ്ടെങ്കിൽ, ഈ ക്രമീകരണം പ്രാബല്യത്തിൽ വരും. ‘ – ഖ്വാജ ആസിഫ് പറഞ്ഞു.
പാകിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യയ്ക്ക് ഉപയോഗിക്കാൻ ലഭ്യമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.‘ ഈ കരാറിന് കീഴിൽ ഞങ്ങളുടെ കഴിവുകൾ പൂർണ്ണമായും ലഭ്യമാകും .പാക്കിസ്ഥാൻ എല്ലായ്പ്പോഴും അവരുടെ ആണവ കേന്ദ്രങ്ങൾ പരിശോധിക്കാൻ അനുവദിച്ചിരുന്നുവെന്നും ഒരിക്കലും ലംഘനങ്ങൾ നടത്തിയിട്ടില്ലെന്നും ‘ ആസിഫ് പറഞ്ഞു. ഒരു വലിയ ‘അറബ് സഖ്യമുണ്ടാകുമോ‘ എന്ന ചോദ്യത്തിന് “എനിക്ക് ഇതിന് പെട്ടെന്ന് ഉത്തരം നൽകാൻ കഴിയില്ല… പക്ഷേ, തങ്ങളുടെ പ്രദേശം ഒരുമിച്ച് സംരക്ഷിക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും, പ്രത്യേകിച്ച് മുസ്ലീം ജനതയുടെയും മൗലികാവകാശമാണെന്ന് ഞാൻ കരുതുന്നു.” എന്നായിരുന്നി ആസിഫിന്റെ മറുപടി.
അതേസമയം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ശക്തമായ സാമ്പത്തിക പിന്തുണയും ‘അറബ് രാഷ്ട്രങ്ങളുടെ സഖ്യ’ത്തിന്റെ സാധ്യതയുമാണ് ഈ കരാർ കൊണ്ട് ലക്ഷ്യമിടുന്നത് . സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ‘ആണവ കവചം’ എന്നാണ് അർത്ഥമാക്കുന്നത്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശന വേളയിലാണ് സുപ്രധാന കരാറിൽ ഒപ്പ് വച്ചത് . ഈ കരാറിലെ ഒരു പ്രധാന വ്യവസ്ഥയിൽ ” ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും” എന്നാണ് പറയുന്നത്.

