ന്യൂഡൽഹി : പ്രമുഖ പാകിസ്ഥാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും ബ്ലോക്ക് ചെയ്ത് ഇന്ത്യ . ഹാനിയ ആമിർ, മഹിര ഖാൻ, ഷാഹിദ് അഫ്രീദി, മാവ്റ ഹോകെയ്ൻ, ഫവാദ് ഖാൻ തുടങ്ങിയ പാകിസ്ഥാൻ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ പ്രൊഫൈലുകളാണ് ബ്ലോക്ക് ചെയ്തത് . വ്യാഴാഴ്ച രാവിലെ മുതൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാൻ കഴിയാതെയായി.
ബുധനാഴ്ച നിരവധി പാകിസ്ഥാൻ യൂട്യൂബ് ചാനലുകളും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതിനെ തുടർന്നാണ് ഈ നീക്കം.
ഇപ്പോൾ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിൽ പാകിസ്ഥാൻ സെലിബ്രിറ്റികളുടെ പ്രൊഫൈലുകൾക്കായി തിരയുമ്പോൾ, “ഇന്ത്യയിൽ അക്കൗണ്ട് ലഭ്യമല്ല. ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർത്ഥന ഞങ്ങൾ പാലിച്ചതിനാലാണിത്.” എന്ന പോപ്പ്-അപ്പ് സന്ദേശമാണ് ദൃശ്യമാകുന്നത് .
“X, YouTube, Meta എന്നിവയിലെ ചില അക്കൗണ്ടുകൾ നിങ്ങൾക്ക് കാണാൻ കഴിയുമെങ്കിലും , കുറച്ച് മണിക്കൂറുകൾക്കുള്ളിൽ അവ ആക്സസ് ചെയ്യാൻ കഴിയില്ല. ചില സാങ്കേതിക തകരാറുകൾ അൺബ്ലോക്ക് ചെയ്യുന്നതിന് കാരണമായി. അത് മാറ്റിയാൽ ഉടൻ ആ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യും ,” സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ജൂലൈ 2 മുതൽ, സബ ഖമർ, മാവ്റ ഹൊകെയ്ൻ, ഫവാദ് ഖാൻ, ഷാഹിദ് അഫ്രീദി, അഹദ് റാസ മിർ, യുംന സൈദി, ഡാനിഷ് തൈമൂർ എന്നിവരുൾപ്പെടെ നിരവധി പാകിസ്ഥാൻ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു . കൂടാതെ, ഹം ടിവി, എആർവൈ ഡിജിറ്റൽ, ഹർ പാൽ ജിയോ തുടങ്ങിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകളും വീണ്ടും ആക്സസ് ചെയ്യാനായി. തുടർന്നാണ് പുതിയ നടപടി.
അതേസമയം നിരോധനം ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ പാകിസ്ഥാൻ ചാനലുകളും സെലിബ്രിറ്റി അക്കൗണ്ടുകളും വീണ്ടും പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തതിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല .ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന്, പ്രത്യേകിച്ച് പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) ഭീകര സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂരിന് ശേഷമാണ് ഇന്ത്യ ആദ്യമായി ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

