ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ ഉണ്ടായ വൻ നഷ്ടങ്ങളുടെ ആഘാതത്തിൽ നിന്ന് ഇന്നും പാകിസ്ഥാൻ മോചിതമായിട്ടില്ല . നിരവധി ഭീകര ക്യാമ്പുകളാണ് ഇന്ത്യ അന്ന് തകർത്തത് . എന്നാൽ ഓപ്പറേഷൻ സിന്ദൂരിന്റെ പേരിൽ ഇന്നും ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് പാകിസ്ഥാൻ . അവരുടെ വീടുകളിലും , ഇന്ത്യൻ ഹൈക്കമ്മീഷനിലും ഉള്ള പത്ര വിതരണം പോലും നിർത്തിവച്ചതായും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു . ഇന്ത്യയ്ക്കുള്ള പ്രത്യാക്രമണമെന്ന നിലയിലാണ് , പാകിസ്ഥാൻ ഇന്ത്യൻ നയതന്ത്രജ്ഞർക്കുള്ള പത്ര വിതരണം നിർത്തിവച്ചിരിക്കുന്നത് .
പ്രാദേശിക പത്ര വിൽപ്പനക്കാർക്കും വിതരണക്കാർക്കും ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പത്രങ്ങളോ മറ്റ് പ്രസിദ്ധീകരണങ്ങളോ എത്തിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് . 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയപ്പോഴും ഇത്തരത്തിൽ പാകിസ്ഥാൻ പക വീട്ടാൻ ശ്രമിച്ചിട്ടുണ്ട് . അക്കാലത്തും ഇന്ത്യൻ നയതന്ത്രജ്ഞരെ സമാനമായ രീതിയിൽ ഉപദ്രവിച്ചിരുന്നു.
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് പാകിസ്ഥാൻ അധികൃതർ നിർദ്ദേശിച്ചതിനാൽ, ഗ്യാസ്, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഇന്ത്യൻ നയതന്ത്രജ്ഞർ പ്രശ്നങ്ങൾ നേരിടുന്നു. നയതന്ത്ര ജീവനക്കാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമായാണ് പാകിസ്ഥാന്റെ ഇത്തരം നടപടികളെ കാണുന്നത്. ഹൈക്കമ്മീഷൻ പരിസരത്ത് ഗ്യാസ് പൈപ്പ്ലൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, വിതരണം മനഃപൂർവ്വം തടഞ്ഞുവച്ചിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള നയതന്ത്ര ദൗത്യങ്ങളുടെ മാന്യമായ പ്രവർത്തനം ഉറപ്പുനൽകുന്ന വിയന്ന കൺവെൻഷന്റെ ലംഘനമാണ് പാകിസ്ഥാന്റെ നടപടികളെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ (MEA) ഉദ്യോഗസ്ഥർ പറഞ്ഞു.

