ഇസ്ലാമാബാദ് : പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും അമേരിക്കൻ സന്ദർശനത്തിനൊരുങ്ങുന്നു . രണ്ട് മാസത്തിനുള്ളിൽ അമേരിക്കയിലേയ്ക്കുള്ള
അസിം മുനീറിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയാണിതെന്നാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. താരിഫിന്റെ പേരിൽ ഇന്ത്യയും, യുഎസും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നിരിക്കുന്ന സാഹചര്യത്തിലാണ് മുനീറിന്റെ യുഎസ് സന്ദർശനം.
ഭീകരതയെ ചെറുക്കുന്നതിൽ പാകിസ്ഥാനെ “അതിശയകരമായ പങ്കാളി” എന്ന് മുമ്പ് വിശേഷിപ്പിച്ചിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് കമാൻഡർ (CENTCOM) ജനറൽ മൈക്കൽ ക്യൂരില്ലയുടെ വിടവാങ്ങൽ ചടങ്ങിൽ മുനീർ പങ്കെടുക്കും.മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക നടപടികൾക്ക് മേൽനോട്ടം വഹിച്ച ഫോർ സ്റ്റാർ ആർമി ജനറലായ ക്യൂരില്ല ഈ മാസം അവസാനമാണ് വിരമിക്കുക .
രണ്ട് മാസങ്ങൾക്ക് മുമ്പ്, യുഎസ് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ട് ഉപയോഗിച്ച് അഞ്ച് ഐസിസ്-ഖൊറാസൻ (ഐസിസ്-കെ) തീവ്രവാദികളെ പിടികൂടിയെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു . ഇതിന്റെ പേരിൽ ക്യൂരില്ല പാകിസ്ഥാനെ പ്രശംസിച്ചിരുന്നു. “ഭീകരവിരുദ്ധ ലോകത്ത് പാകിസ്ഥാൻ ഒരു അസാധാരണ പങ്കാളിയാണ്… അതുകൊണ്ടാണ് നമുക്ക് പാകിസ്ഥാനുമായും ഇന്ത്യയുമായും ഒരു ബന്ധം ഉണ്ടായിരിക്കേണ്ടത്,” ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്പാകെ അന്ന് ക്യൂരില്ല പറഞ്ഞിരുന്നു.
ഈ പുകഴ്ത്തലിന് പ്രതിഫലമെന്നോണം ജൂലൈയിൽ ഇസ്ലാമാബാദ് സന്ദർശിച്ച ജനറൽ ക്യൂരില്ലയ്ക്ക് പാകിസ്ഥാൻ പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ “നിഷാൻ-ഇ-ഇംതിയാസ്” നൽകി ആദരിച്ചു. പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനും ശേഷം, ജൂണിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മുനീർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് പാക് സൈനിക നേതാവിനെ സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ സ്വാഗതം ചെയ്യുന്നത്. മാത്രമല്ല മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ സംഘർഷം ലഘൂകരിക്കുന്നതിൽ മുനീർ വഹിച്ച പങ്കിനെ ട്രംപ് പരസ്യമായി പ്രശംസിച്ചു. “യുദ്ധത്തിൽ ഏർപ്പെടാതിരിക്കുകയും അത് അവസാനിപ്പിക്കുകയും ചെയ്തതിന് നന്ദി പറയാൻ ഞാൻ അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നു,” എന്നാണ് മുനീറിന് വിരുന്ന് നൽകിയതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് പറഞ്ഞത്.
അതേസമയം, രണ്ട് അയൽക്കാർ തമ്മിലുള്ള “ആണവയുദ്ധം ഒഴിവാക്കിയതിന്” ട്രംപിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുന്നതിനെ പാകിസ്ഥാൻ ആർമി മേധാവി പിന്തുണച്ചു. ദിവസങ്ങൾക്ക് ശേഷം, പാകിസ്ഥാൻ സർക്കാർ ട്രംപിനെ ഔദ്യോഗികമായി നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.

