ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്കർ ഭീകരൻ പാകിസ്ഥാൻ സൈന്യത്തിലെ മുൻ കമാൻഡോയാണെന്ന് റിപ്പോർട്ട് . ആക്രമണത്തിന്റെ സൂത്രധാരനായി കണ്ടെത്തിയ പാകിസ്ഥാൻ ഭീകരൻ ഹാഷിം മൂസയാണ് പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക സേനയിലെ മുൻ പാരാ കമാൻഡോ . ഇന്ത്യയിൽ ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അയാൾ സൈന്യം വിട്ട് ലഷ്കർ-ഇ-തൊയ്ബ ഭീകര സംഘടനയിൽ ചേർന്നതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദിവസം കഴിയുന്തോറും, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഐഎസ്ഐയും പാക് സൈന്യവും നേരിട്ട് പങ്കാളികളായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത് . പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്കർ-ഇ-തൊയ്ബ മൂസയെ, പ്രദേശവാസികളല്ലാത്തവരെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുക എന്ന പ്രത്യേക ദൗത്യത്തിനായാണ് കശ്മീരിലേക്ക് അയച്ചത്.പാകിസ്ഥാന്റെ പ്രത്യേക സേനയായ സ്പെഷ്യൽ സർവീസസ് ഗ്രൂപ്പാണ് മൂസയെ അദ്ദേഹത്തെ ലഷ്കർ ഇ തൊയ്ബയിലേക്ക് മാറ്റിയത് . എൻഐഎ അന്വേഷണത്തിൽ മൂസയുടെ പാകിസ്ഥാൻ സൈന്യത്തിലെ പശ്ചാത്തലവും വെളിപ്പെട്ടിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിലും കശ്മീരിലെ മുൻ ആക്രമണങ്ങളിലും ഐഎസ്ഐയുടെ നേരിട്ടുള്ള പങ്കാളിത്തം സംബന്ധിച്ച സംശയങ്ങൾ ഇതോടെ കൂടുതൽ ബലപ്പെട്ടു. 2024 ഒക്ടോബറിൽ ഗണ്ടേർബലിലെ ഗഗാംഗീറിൽ നടന്ന ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ആറ് സ്വദേശികളല്ലാത്തവരും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ളയിലെ ബുട്ട പത്രിയിൽ രണ്ട് സൈനികരും രണ്ട് സൈനിക പോർട്ടർമാരും കൊല്ലപ്പെട്ടു. ഈ മൂന്ന് ആക്രമണങ്ങൾക്കും പിന്നിൽ മൂസയാണെന്ന് സൂചനയുണ്ട്.
പാകിസ്ഥാനിൽ പരിശീലനം നേടിയ രണ്ട് പ്രാദേശിക ഭീകരരായ ജുനൈദ് അഹമ്മദ് ഭട്ട്, അർബാസ് മിർ എന്നിവർ ഗഗാംഗീർ, ബുട്ടാ പത്രി ആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ 2024 നവംബറിലും ഡിസംബറിലും സുരക്ഷാ സേന നടത്തിയ പ്രത്യേക ഏറ്റുമുട്ടലുകളിൽ ഇവർ കൊല്ലപ്പെട്ടു. അതിനുശേഷവും, കശ്മീരിലെ തദ്ദേശീയരല്ലാത്തവർക്കെതിരെ മൂസ തീവ്രവാദ പ്രവർത്തനങ്ങൾ തുടർന്നു.

