ന്യൂഡൽഹി : പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് . പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിലെ 300 എംപിമാരാണ് ഇന്ന് പാർലമെന്റ് ഹൗസിൽ നിന്ന് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് കാൽനടയായി മാർച്ച് ചെയ്യുക.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, എസ്പി മേധാവി അഖിലേഷ് യാദവ്, ടിഎംസി എംപി അഭിഷേക് ബാനർജി എന്നിവരുൾപ്പെടെ 25 ലധികം പാർട്ടികളുടെ നേതാക്കൾ മാർച്ചിൽ പങ്കെടുക്കും. രാവിലെ പാർലമെന്റ് ഹൗസിലെ മകർ ദ്വാറിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ട്രാൻസ്പോർട്ട് ഭവൻ വഴി തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോകും. എംപിമാർക്കായി മല്ലികാർജുൻ ഖാർഗെ അത്താഴവും ഒരുക്കിയിട്ടുണ്ട്. വോട്ട് അട്ടിമറിച്ചെന്ന ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്ന് രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷം റാലി സംഘടിപ്പിക്കുന്നത് .
വോട്ട് മോഷണ’ത്തിൽ ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിച്ചുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ഒരു വെബ് പോർട്ടലും ( votechori.in/ecdemand ) ആരംഭിച്ചു . “വോട്ട് മോഷണം ജനാധിപത്യത്തിന് എതിരാണ്. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന തത്വം ആക്രമണത്തിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് ശുദ്ധമായ വോട്ടർ പട്ടിക ആവശ്യമാണ്” എന്ന് രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും പിന്തുണയ്ക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അതേസമയം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ, ആരോപണങ്ങളെ പിന്തുണച്ച് സത്യവാങ്മൂലം നൽകുകയോ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. “പഴയ കുപ്പിയിലെ പുതിയ വീഞ്ഞ്” എന്നാണ് കമ്മീഷൻ ഇതിനെ വിശേഷിപ്പിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് രാഹുലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു.

