പൂഞ്ച് ; ഓപ്പറേഷൻ മഹാദേവിന് പിന്നാലെ ഓപ്പറേഷൻ ശിവശക്തിയുമായി ഇന്ത്യൻ സൈന്യം . ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം വിജയകരമായി തകർത്തു. രണ്ട് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരെ വധിച്ചു. ‘ശിവശക്തി’ എന്ന രഹസ്യനാമത്തിൽ ചൊവ്വാഴ്ച രാത്രി വൈകി ആരംഭിച്ച ഓപ്പറേഷൻ ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്.
സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർപ്സ് ഓപ്പറേഷൻ സ്ഥിരീകരിച്ചു. “വിജയകരമായ നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷനിൽ, ഇന്ത്യൻ സൈനികർ നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇല്ലാതാക്കി. വേഗത്തിലുള്ള പ്രവർത്തനവും കൃത്യമായ ഫയർ പവറും ഭീകര പദ്ധതികൾ തകർത്തു. ആയുധങ്ങളും കണ്ടെടുത്തു.”
ലഷ്കർ-ഇ-തൊയ്ബയുടെ നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . തുടർന്ന് സൈനികർ ചൊവ്വാഴ്ച രാത്രി വൈകി ദേഗ്വാർ സെക്ടറിലെ മാൽഡിവാലൻ പ്രദേശം സൈന്യം വളഞ്ഞു. ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ വധിച്ചു. പുലർച്ചെ ആരംഭിച്ച തിരച്ചിലിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ശ്രീനഗറിലെ ഒരു വനത്തിൽ നടന്ന ഓപ്പറേഷൻ മഹാദേവിൽ പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് കൊടും ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

