ന്യൂഡൽഹി ; രാഷ്ട്രീയ സ്വയംസേവക സംഘത്തെ നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആഹ്വാനത്തോട് വിയോജിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം . ഇന്നത്തെ രാഷ്ട്രീയ, നിയമ ചട്ടക്കൂടിൽ അത്തരമൊരു നീക്കം പ്രായോഗികമോ സുസ്ഥിരമോ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് താൻ യോജിക്കുന്നില്ലെന്നും എന്നാൽ അത്തരമൊരു ആവശ്യം അംഗീകരിക്കാൻ ആകുന്നില്ല. കാരണം ഇന്നത്തെ സാഹചര്യത്തിൽ അത് നിയമപരമായി പ്രായോഗികമല്ലെന്നും കാർത്തി ചിദംബരം പറഞ്ഞു.
‘ ഇത്തരത്തിലുള്ള അഭ്യർത്ഥന തീർച്ചയായും അംഗീകരിക്കാൻ പോകുന്നില്ല. ആർഎസ്എസിനെ നിരോധിക്കുകയും പിന്നീട് നിരോധനം പിൻവലിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. ആർഎസ്എസ്-ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് ഞാൻ യോജിക്കുന്നില്ല, പക്ഷേ ഇന്നത്തെ നിയമപരമായ സാഹചര്യത്തിൽ നിരോധനം പ്രായോഗികവും സുസ്ഥിരവുമാണോ എന്ന് എനിക്ക് ഉറപ്പില്ല . പ്രധാനമന്ത്രി മുതൽ ആർഎസ്എസിലെ തീവ്ര അംഗങ്ങളായ വ്യക്തികളാണ് നിലവിലെ സർക്കാരിനെ നയിക്കുന്നത് എന്നതിനാൽ, അത്തരമൊരു നടപടി പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ് . ആർഎസ്എസ് നയിക്കുന്ന സർക്കാർ അത് എങ്ങനെ ചെയ്യും?” എന്നും കാർത്തി ചിദംബരം ചോദിച്ചു.

