ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ വോട്ടറുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനുള്ള 12-ാമത് രേഖയായി ആധാർ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി . നിലവിൽ ബിഹാറിനെ സംബന്ധിച്ചിടത്തോളം, വോട്ടർമാർ അവരുടെ അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട 11 നിർദ്ദിഷ്ട രേഖകളുണ്ട്.
2016 ലെ ആധാർ നിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വ്യവസ്ഥകൾ പരാമർശിച്ച ബെഞ്ച്, ആധാർ പൗരത്വത്തിന്റെ തെളിവല്ലെങ്കിലും തിരിച്ചറിയൽ രേഖയായി കണക്കാക്കാമെന്ന് പറഞ്ഞു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഒരു വോട്ടർ സമർപ്പിക്കുന്ന ആധാർ കാർഡ് നമ്പറിന്റെ ആധികാരികത കമീഷന് ഉറപ്പാക്കാൻ കഴിയുമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച ബെഞ്ച്, യഥാർത്ഥ പൗരന്മാർക്ക് മാത്രമേ വോട്ടുചെയ്യാൻ അനുവാദമുള്ളൂവെന്നും വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ യഥാർഥമാണെന്ന് അവകാശപ്പെടുന്നവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ കമീഷൻ വ്യക്തത വരുത്തണമെന്നും പറഞ്ഞു.
ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നിശ്ചയിച്ച ദിവസത്തിനുള്ളിൽ പുറപ്പെടുവിക്കാൻ ബെഞ്ച് വോട്ടെടുപ്പ് പാനലിനോട് ആവശ്യപ്പെട്ടു. വോട്ടർമാരിൽ നിന്ന് ആധാർ കാർഡ് സ്വീകരിക്കാത്തതിന് പോളിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ഷോകോസ് നോട്ടീസുകളെക്കുറിച്ചും സുപ്രീം കോടതി ഇ.സിയുടെ വിശദീകരണം തേടി.

