ന്യൂഡൽഹി : ഇന്ത്യ മഹത്തായ ജനാധിപത്യരാജ്യവും ലോകത്തിന് മാതൃകയുമാണെന്ന് വിശേഷിപ്പിച്ച് നോബൽ സമ്മാന ജേതാവ് മരിയ കൊറിന മച്ചാഡോ. ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മരിയ. ഇന്ത്യയ്ക്ക് വെനിസ്വേലയുടെ ഒരു പ്രധാന പങ്കാളിയാകാൻ കഴിയുമെന്നും ജനാധിപത്യ പുനഃസ്ഥാപനത്തിനുശേഷം ഇരു രാജ്യങ്ങൾക്കും പല മേഖലകളിലും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും മരിയ കൊറിന മച്ചാഡോ പറഞ്ഞു.
” പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാനും ഉടൻ തന്നെ സ്വതന്ത്ര വെനിസ്വേലയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനും ഞാൻ ആഗ്രഹിക്കുന്നു .“ മരിയ കൊറിന മച്ചാഡോ പറഞ്ഞു.
വെനിസ്വേലയിലെ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പരാമർശിച്ചുകൊണ്ട്, പ്രതിപക്ഷം വൻ വിജയം നേടിയെങ്കിലും നിക്കോളാസ് മഡുറോ സർക്കാർ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന് അവർ പറഞ്ഞു.
‘ സമാധാനപരമായി അധികാരം ഉപേക്ഷിക്കാൻ മഡുറോയ്ക്ക് സമയം വാഗ്ദാനം ചെയ്തു . എന്നാൽ മഡുറോ അത് നിരസിക്കുകയും രാജ്യത്തിനെതിരെ കടുത്ത നടപടികൾ ആരംഭിക്കുകയും ചെയ്തു. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിൽ തന്റെ പ്രധാന സഖ്യകക്ഷികളിൽ ഒരാളാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അന്താരാഷ്ട്ര പിന്തുണയോടെ, തന്റെ സമയം അവസാനിച്ചുവെന്ന് മഡുറോ മനസ്സിലാക്കണം . അദ്ദേഹം സമാധാനപരമായി അധികാരം ഉപേക്ഷിക്കണം . വെനിസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ, ഇന്ത്യൻ കമ്പനികൾക്ക് ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ നിക്ഷേപിക്കാമെന്നും ‘ മച്ചാഡോ പറഞ്ഞു.
ജനാധിപത്യത്തെ ഒരിക്കലും നിസ്സാരമായി കാണരുതെന്നും ഇന്ത്യ പോലുള്ള ഒരു വലിയ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തം വളരെ വലുതാണെന്നും ലോകം മുഴുവൻ അത്തരം ഉദാഹരണങ്ങളിൽ നിന്ന് പഠിക്കുന്നുണ്ടെന്നും മച്ചാഡോ പറഞ്ഞു.

