ന്യൂഡൽഹി: ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള പാരച്യൂട്ട് വെളിച്ചെണ്ണയിൽ ഹലാൽ മുദ്ര എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രമുഖ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഫാക്ട് ചെക്കിംഗ് ഏജൻസികൾ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ മാരികോ ആണ് പാരച്യൂട്ട് വെളിച്ചെണ്ണയുടെ ഉത്പാദകർ. 1992 മുതൽ കമ്പനി പുറത്തിറക്കുന്ന പാരച്യൂട്ട് വെളിച്ചെണ്ണ നിലവിൽ 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പാരച്യൂട്ട് വെളിച്ചെണ്ണയുടെ ഹലാൽ സെർട്ടിഫൈഡ് എന്ന ലേബൽ പതിപ്പിച്ച 100 മില്ലി ലിറ്റർ കുപ്പിയുടെ ചിത്രം ചേർത്തായിരുന്നു വ്യാജ പ്രചാരണം. എന്നാൽ ഇത് എഡിറ്റ് ചെയ്ത ചിത്രമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, പ്രകൃദിത്തമായ തേങ്ങയിൽ നിന്ന് എടുക്കുന്ന വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങളിൽ ഇസ്ലാം മതം നിഷിദ്ധമാക്കുന്ന ഘടകങ്ങൾ ഇല്ലാത്തതിനാൽ ഹലാൽ എന്ന സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം മതപണ്ഡിതരുടെ അഭിപ്രായം. വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങൾക്ക് ഹലാൽ ലേബലിംഗ് നിർബന്ധമല്ലെന്നും പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്നും ഇവർ അവകാശപ്പെടുന്നു.
പാരച്യൂട്ട് വെളിച്ചെണ്ണയിൽ ഹലാൽ മുദ്രയുള്ളതിനാൽ അത് ഉപയോഗിക്കരുത് എന്ന് ഒരു വിഭാഗവും, ഹലാൽ മുദ്രയുള്ളതിനാൽ അത് പരിശൂദ്ധമാണെന്ന് മറ്റൊരു വിഭാഗവും സാമൂഹിക മാധ്യമങ്ങളിൽ അവകാശപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സാമുദായിക സ്പർദ്ധ വളർത്തുന്ന തരത്തിൽ അരങ്ങേറിയ കോലാഹലങ്ങൾക്ക് അറുതിയായിരിക്കുകയാണ് എന്നാണ് വിവരം.