ന്യൂഡൽഹി ; കടലിൽ മുങ്ങിപ്പോയ കൃഷ്ണ നഗരമായ ദ്വാരകയുടെ തെളിവുകൾ ശേഖരിക്കുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പര്യവേക്ഷണം ആരംഭിച്ചു. എ.എസ്.ഐയിലെ അഡീഷണൽ ഡയറക്ടർ ജനറൽ (ആർക്കിയോളജി), പ്രൊഫ. അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള അഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘം ചൊവ്വാഴ്ച ദ്വാരക തീരത്ത് വെള്ളത്തിനടിയിലുള്ള പര്യവേക്ഷണം ആരംഭിച്ചു.
ഡയറക്ടർ (ഖനന-പര്യവേക്ഷണ) എച്ച്.കെ. നായക്, അസിസ്റ്റന്റ് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ഡോ. അപരാജിത ശർമ്മ, പൂനം വിന്ദ്, രാജ്കുമാരി ബാർബിന എന്നിവരടങ്ങുന്ന സംഘം പ്രാഥമിക അന്വേഷണത്തിനായി ഗോമതി ക്രീക്കിന് സമീപമുള്ള പ്രദേശമാണ് തിരഞ്ഞെടുത്തത് .
ഈ പര്യവേക്ഷണത്തിലൂടെ ദ്വാരക നഗരത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ തെളിവുകൾ ശേഖരിക്കുമെന്ന് എ.എസ്.ഐ. പറയുന്നു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള എ.എസ്.ഐയുടെ ദൗത്യത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പര്യവേക്ഷണം.
എ.എസ്.ഐ.യുടെ നവീകരിച്ച അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് (യു.എ.ഡബ്ല്യു) 1980-കൾ മുതൽ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ ഗവേഷണത്തിൽ മുൻപന്തിയിലാണ്. 2001 മുതൽ, ബംഗാരം ദ്വീപ് (ലക്ഷദ്വീപ്), മഹാബലിപുരം (തമിഴ്നാട്), ദ്വാരക (ഗുജറാത്ത്), ലോക്തക് തടാകം (മണിപ്പൂർ), എലിഫന്റ ദ്വീപ് (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ ഈ വിഭാഗം പര്യവേക്ഷണം നടത്തിവരുന്നു. നേരത്തെ, 2005 മുതൽ 2007 വരെ ദ്വാരകയിൽ അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് കടൽത്തീരത്തും കരയിലും ഖനനം നടത്തിയിരുന്നു.
നാവികസേനയും പുരാവസ്തു വകുപ്പും സംയുക്തമായി 2005 ലും പിന്നീട് 2007 ലും നടത്തിയ പര്യവേക്ഷണത്തിൽ, എ.എസ്.ഐയുടെ മാർഗനിർദേശപ്രകാരം ഇന്ത്യൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ വെള്ളത്തിനടിയിലായ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങളുടെ സാമ്പിളുകൾ വിജയകരമായി പുറത്തെടുത്തിരുന്നു. പുരാവസ്തു ഗവേഷകനായ പ്രൊഫ. 1979–80 ൽ എസ്.ആർ. റാവുവും സംഘവും കടലിൽ 560 മീറ്റർ നീളമുള്ള ദ്വാരക മതിൽ കണ്ടെത്തിയിരുന്നു.