ലക്നൗ: യുപിയിൽ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം . യമുന എക്സ്പ്രസ്വേയിൽ ജേവാറിന് സമീപമാണ് അപകടം. ന്യൂഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്ന ‘രാജാ കൽപന ട്രാവൽസി’ന്റെ ബസിലാണ് തീ പിടിത്തമുണ്ടായത് . ഏകദേശം 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
സംഭവത്തിൽ ബസിലെ യാത്രക്കാരനായ ഹമിർപൂർ സ്വദേശി സുനിൽ കുമാർ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ പരാതി നൽകി. ഡ്രൈവറുടെ ക്യാബിനിൽ നിന്ന് കത്തുന്ന ഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ജീവനക്കാർ അത് അവഗണിച്ചതായി പരാതിയിൽ പറയുന്നു. ഗന്ധം എവിടെ നിന്നാണ് വരുന്നതെന്ന് പരിശോധിക്കാൻ ബസ് നിർത്താൻ പോലും അവർ തയ്യാറായില്ല. ക്യാബിനിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും തുടർച്ചയായി പുകവലിക്കുകയായിരുന്നു. ബസിൽ അത്തരം ഗന്ധം സാധാരണമാണെന്ന് പറഞ്ഞ് യാത്രക്കാരുടെ ആശങ്കകൾ അവർ തള്ളിക്കളഞ്ഞതായി സുനിൽ കുമാർ ആരോപിച്ചു.
അല്പസമയത്തിനുള്ളിൽ ഡ്രൈവറുടെ സീറ്റിന് സമീപത്ത് നിന്ന് തീ പടർന്നുപിടിച്ചു. യാത്രക്കാർ നിലവിളിക്കുകയും ബസ് നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തെങ്കിലും, ബസിനുള്ളിൽ അതിവേഗം തീയും പുകയും നിറഞ്ഞ ശേഷമാണ് ബസ് നിർത്തിയത് . അതുകൊണ്ട് പല യാത്രക്കാരും അകത്ത് കുടുങ്ങിപ്പോയി. ബസ് നിർത്തിയ ശേഷം പുറത്തേക്ക് ചാടി സുനിലും മറ്റ് ചില യാത്രക്കാരും രക്ഷപ്പെട്ടു. പരിക്കേറ്റ യാത്രക്കാരെ ജേവാറിലെ കൈലാഷ് ആശുപത്രിയിലേക്ക് മാറ്റി.
യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളടക്കമുള്ള ലഗേജുകൾ തീപിടുത്തത്തിൽ പൂർണ്ണമായും നശിച്ചു. സുനിൽ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങളോ തീപിടുത്തത്തിന്റെ കാരണമോ വ്യക്തമല്ല.

