ശ്രീനഗർ : വഖഫ് ദിന പരിപാടിയിൽ വന്ദേമാതരം ചൊല്ലിയപ്പോൾ എഴുന്നേറ്റു നിന്നതിൽ ക്ഷമാപണം നടത്തി മുസ്ലീം നേതാക്കൾ. വഖഫ് ദിന പരിപാടിയിലാണ് വന്ദേമാതരം ആലപിച്ചത്. വിഘടനവാദി നേതാവ് മിർവൈസ് ഉമർ ഫറൂഖ് നയിക്കുന്ന മുത്തഹിദ മജ്ലിസ് ഇ ഉലമ ഇതിനെ എതിർത്തതോടെയണ് വന്ദേമാതരം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിന്ന ആദരവ് പ്രകടിപ്പിച്ച നേതാക്കൾ ക്ഷമാപണം നടത്തിയത്.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, എം പി സതിഷ് പൂനിയ, നാഷണൽ കോൺഫറൻസ് എംപി മിയാൻ അൽതാഫ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരം ആലപിച്ചത് തെറ്റായി പോയെന്നാണ് മുത്തഹിദ മജ്ലിസിന്റെ പരാതി. മാത്രമല്ല പരിപാടിയിൽ പങ്കെടുത്ത ഇമാമുമാരും, മതനേതാക്കളും എഴുന്നേറ്റ് നിന്നതും ഇവരെ ചൊടിപ്പിച്ചു. തുടർന്നാണ് വന്ദേമാതരം ശരീയത്തിന് നിരക്കാത്തതാണെന്ന വാദവുമായി മുത്തഹിദ മജ്ലിസ് രംഗത്തെത്തിയത്.
വന്ദേമാതരം സംബന്ധിച്ച നിലപാട് മുസ്ലീം വ്യക്തി നിയമ ബോർഡും പുറത്തിറക്കിയിട്ടുണ്ടെന്നും, വഖഫിന്റെ പേരിൽ നടത്തുന്ന പരിപാടിയിൽ വന്ദേമാതരം ആലപ്പിക്കരുതെന്നും, ഇത് ഇസ്ലാം വിശ്വാസങ്ങളെ വ്രണപ്പെടുത്തുമെന്നും മുത്തഹിദ മജ്ലിസ് പ്രസ്താവനയിൽ പറഞ്ഞു.

