വാഷിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈറ്റ് ഹൗസിൽ ഇരു നേതാക്കളും തമ്മിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളെയാണ് മുഴുവൻ ലോകവും ഉറ്റുനോക്കുന്നത് . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോർദാൻ സുൽത്താൻ എന്നിവർക്ക് ശേഷം വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപിനെ കാണുന്ന നാലാമത്തെ വിദേശ നേതാവായിരിക്കും മോദി.
2017 ലാണ് ഇരു നേതാക്കളും ആദ്യമായി കണ്ടുമുട്ടിയത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദം വളർന്നു. 2019 ൽ ടെക്സാസിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ ഇരു നേതാക്കളും കൈകോർത്തു നിൽക്കുന്ന ചിത്രങ്ങൾ ഈ സൗഹൃദത്തിന്റെ ഉദാഹരണമാണ്.
നരേന്ദ്ര മോദി അമേരിക്കയിൽ എത്തുന്നതിനു മുമ്പുതന്നെ, ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ കുറച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് കൂടുതൽ സാധനങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യാൻ കഴിയുന്ന തരത്തിൽ തീരുവകൾ കുറയ്ക്കാൻ ട്രംപ് മോദിയോട് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയിൽ, ഇന്ത്യയുടെ ആണവോർജ്ജ മേഖലയിൽ അമേരിക്ക നിക്ഷേപം നടത്തണമെന്ന ആവശ്യവും മോദി മുന്നോട്ട് വച്ചേക്കും.ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയും അജണ്ടയുടെ ഭാഗമാണ്. ഗാസ, റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യയ്ക്കും അതീവ താല്പര്യമുണ്ട്.