തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയുള്ള നിലപാടിൽ ഉറച്ച് കോൺഗ്രസ് എം പി ശശി തരൂർ. തന്റെ നിലപാടിൽ മാറ്റമില്ലെന്നും, സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു.
‘ രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം . കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം . തന്റെ നിലപാടിൽ മാറ്റമില്ല. വർഷങ്ങളായി താൻ പറയുന്ന കാര്യങ്ങളാണിത് . വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനം എഴുതിയത്.
കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷനേതാവ് ലേഖനം വായിക്കണം . വിദേശകാര്യങ്ങളിൽ രാജ്യതാല്പര്യം നോക്കണം . രാഷ്ട്രീയ താല്പര്യം നോക്കരുത് . ഇതാണ് തന്റെ നിലപാട് . മോദി ട്രമ്പിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ് . വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം ദേശീയ റാങ്കിങ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

