ന്യൂഡൽഹി : ഭോജ്ശാല ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലേയ്ക്ക് . മധ്യപ്രദേശ് ഹൈക്കോടതി അടുത്തിടെയാണ് ഭോജ്ശാലയിലെ തർക്കമന്ദിരം സരസ്വതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണെന്ന വിധി പുറപ്പെടുവിച്ചത് . ഈ ഉത്തരവിനെതിരെ മുസ്ലീം വിഭാഗമാണ് പ്രത്യേക അവധി ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.
ഭോജ്ശാല പരിസരത്ത് സ്ഥിതി ചെയ്യുന്ന കമൽ മൗല പള്ളിയുടെ പരിപാലകനായി സ്വയം വിശേഷിപ്പിച്ച ക്വാസി മൊയ്നുദ്ദീനാണ് ഈ ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾക്ക് സ്ഥലത്ത് നമസ്കരിക്കാനും മറ്റ് ദിവസങ്ങളിൽ ഹിന്ദുക്കൾ ആരാധന നടത്താനും അനുവാദം നൽകിയ 2003 ലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ക്രമീകരണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മാത്രമല്ല ഹിന്ദുക്കൾക്ക് പൂർണ്ണസമയം ആരാധനയും അനുവദിച്ചു. അതിനുപിന്നാലെയാണ് കേസ് സുപ്രീം കോടതിയിലേയ്ക്ക് എത്തുന്നത്.
മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുമെന്ന് മുസ്ലീം വിഭാഗം പറയുന്നു . വർഷങ്ങളായി സ്ഥലത്ത് നമസ്കാരം നടക്കുന്നുണ്ടെന്നും ഭോജ്ശാല പള്ളിയായി അംഗീകരിക്കപ്പെടണമെന്നുമാണ് മുസ്ലീം പക്ഷത്തിന്റെ ആവശ്യം. ജുഡീഷ്യൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിനൊപ്പം മുസ്ലീം വിഭാഗം തങ്ങളുടെ വാദങ്ങൾ സുപ്രീം കോടതിയിൽ അവതരിപ്പിക്കുമെന്ന് കമൽ മൗലാന വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അബ്ദുൾ സമദ് പറഞ്ഞു. കോടതികളും ഭരണകൂടവും സ്ഥലത്ത് പ്രാർത്ഥന നടത്തുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

