ഡബ്ലിൻ: പല്ലിന് നിറം നൽകുന്ന ടീത്ത് വൈറ്റ്നിംഗ് ഉത്പന്നങ്ങൾക്കെതിരെ മുന്നറിയിപ്പ്. ഹെൽത്ത് പ്രോഡക്റ്റ്സ് റെഗുലേറ്ററി അതോറിറ്റി (എച്ച്പിആർഎ) ആണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഓൺലൈനിൽ നിന്നും ഇത്തരം ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ കരുതൽ വേണമെന്നാണ് മുന്നറിയിപ്പ്.
ഉയർന്ന അളവിൽ ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയ നിയമവിരുദ്ധവും സുരക്ഷിതവുമല്ലാത്ത ടീത്ത് വൈറ്റ്നിംഗ് ഉത്പന്നങ്ങൾ ഓൺലൈനിൽ വ്യാപകമായി വിൽപ്പന നടത്തുന്നുണ്ട്. ഇത് വാങ്ങി ഉപയോഗിക്കുന്ന ഐറിഷ് ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലായിട്ടുണ്ടെന്നാണ് എച്ച്പിആർഎയുടെ കണ്ടെത്തൽ. ഉയർന്ന അളവിലുള്ള ഹൈഡ്രജൻ പെറോക്സൈഡ് പല്ലിനെ ദോഷകരമായി ബാധിക്കും. അതിനാൽ ദന്തഡോക്ടറുമായി കൂടി ആലോചിച്ച ശേഷം മാത്രം ഇത്തരം ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കണമെന്നും എച്ച്പിആർഎ വ്യക്തമാക്കി.

