കൊച്ചി : നടിയും താരസംഘടനയായ ‘അമ്മ‘ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. അൻസിബയുടെ ഹർജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്.
അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്നായിരുന്നു നേരത്തെ പൊലീസ് റിപ്പോർട്ട്. എന്നാൽ അൻസിബ നൽകിയ പരാതിയിൽ കോടാതി പൊലീസ് റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ടിനി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് അൻസിബ പരാതി നൽകിയത്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി ഡിജിപിയ്ക്ക് കൈമാറി . സിറ്റി പോലീസ് കമ്മീഷണർക്ക് അയച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കടവന്ത്ര പോലീസ് അസിസ്റ്റന്റ് എസിപിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
പോലീസിന്റെ അഭിപ്രായത്തിൽ, അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ ക്രിമിനൽ കേസിന് ആവശ്യമായ നിയമപരമായ തെളിവുകളില്ല എന്നായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് അഭിനേതാക്കളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പരാതി പ്രധാനമായും കേട്ടുകേൾവിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വ്യക്തിപരമായ അപകീർത്തിപ്പെടുത്തൽ ആരോപണം തെളിയിക്കുന്ന വ്യക്തമായ തെളിവുകളോ പരിശോധിക്കാവുന്ന വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, നടനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് പോലീസ് എസിപിയെ അറിയിച്ചിരുന്നു.

