ന്യൂഡൽഹി: അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി നടൻ മോഹൻലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നാമനിർദ്ദേശം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ, ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനും ആരോഗ്യ പ്രശ്നത്തെ ചെറുക്കുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ മേഖലകളിൽ നിന്നുള്ള 10 വ്യക്തികളെ അദ്ദേഹം നാമനിർദേശം ചെയ്തു.
മോഹൻലാലിനൊപ്പം, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭാക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, മനുഷ്യസ്നേഹിയും എംപിയുമായ സുധാ മൂർത്തി എന്നിവരെയും മോദി നാമനിർദേശം ചെയ്തു.ഇവർ ഇനി 10 പേരെ നിർദേശിക്കും. അത്തരത്തിൽ കൂടുതൽ പേരെ പ്രചാരണത്തിന്റെ ഭാഗമാക്കാനാണ് നീക്കം.