ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചതുമുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ട് . എന്നാൽ താരിഫ് തർക്കത്തിനിടെ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാല് തവണ വിളിച്ചെന്നും, എന്നാൽ മോദി അദ്ദേഹത്തോട് സംസാരിക്കാൻ വിസമ്മതിച്ചുവെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .
ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാപാര തർക്കം രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ കോളുകൾ മോദി നിരസിച്ചതെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സമീപ ആഴ്ചകളിൽ ട്രംപ് പ്രധാനമന്ത്രി മോദിയെ നാല് തവണ വിളിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് നിർജ്ജീവ സമ്പദ്വ്യവസ്ഥയാണ് ഉള്ളതെന്ന് പറഞ്ഞ് പരിഹസിച്ച ട്രംപിന്റെ ഈ അഭിപ്രായത്തിൽ പ്രധാനമന്ത്രി മോദി രോഷാകുലനാണെന്നും ജർമ്മൻ പത്രം പറയുന്നു. ഇതിനുശേഷം ട്രംപ് പ്രധാനമന്ത്രി മോദിയെ അനുനയിപ്പിക്കാൻ പലതവണ ശ്രമിച്ചുവെന്ന് ജർമ്മൻ പത്രം അവകാശപ്പെട്ടു. ഇന്ത്യ നിലവിൽ വളരെ ജാഗ്രതയോടെയാണ് നടപടികൾ സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ കാർഷിക ബിസിനസിനായി ഇന്ത്യയുടെ വിപണി തുറക്കാനുള്ള ട്രംപിന്റെ സമ്മർദ്ദത്തെയും പ്രധാനമന്ത്രി മോദി എതിർക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
അതേസമയം ഓഗസ്റ്റ് 27 ന് പുലർച്ചെ 12.01 മുതൽ പുതിയ താരിഫ് സമ്പ്രദായം നടപ്പിലാക്കുമെന്ന് അറിയിച്ച് യുഎസ് ഇന്ത്യയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട് . ഇന്ത്യയിൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് കാട്ടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നോട്ടീസ് നൽകിയത്.ജൂൺ 17 നാണ് അവസാനമായി മോദിയും ട്രംപും ഫോണിൽ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് സൂചന. ട്രംപിന്റെ അഭ്യർഥന മാനിച്ചാണ് മോദി ഫോണിൽ സംസാരിച്ചതെന്ന് അന്ന് തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

