ന്യൂഡൽഹി : നാളെ ഈജിപ്തിൽ നടക്കുന്ന ഗാസ “സമാധാന ഉച്ചകോടി”യിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ക്ഷണം ലഭിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത് . പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് മാത്രമല്ല ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയിൽ നിന്നും പ്രധാനമന്ത്രി മോദിക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു . ഗാസ മുനമ്പിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈജിപ്തിൽ സമാധാന ഉച്ചകോടി സംഘടിപ്പിക്കുന്നത്.ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിലാണ് അന്താരാഷ്ട്ര സമാധാന ഉച്ചകോടി നടക്കുക.
“ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും ഒരു പുതിയ ഘട്ടത്തിന് തുടക്കമിടുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം. മേഖലയിൽ സമാധാനം കൈവരിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാടിന്റെയും ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അശ്രാന്ത ശ്രമങ്ങളുടെയും വെളിച്ചത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്,” എന്നാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് പ്രസ്താവനയിൽ പറയുന്നത് .
ഷാർം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടി എന്ന് പേരിട്ടിരിക്കുന്ന യോഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും അധ്യക്ഷത വഹിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണി, സ്പെയിനിന്റെ പെഡ്രോ സാഞ്ചസ് , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഷാം എൽ-ഷെയ്ക്കിൽ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല . അതേസമയം ഹമാസ് പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഗാസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്താൽ അദ്ദേഹത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാനുള്ള അവസരമാകും . ഇത് ഇന്ത്യ-യുഎസ് വ്യാപാര സംഘർഷങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ മുഖാമുഖ കൂടിക്കാഴ്ചയായി മാറും .ട്രംപിന്റെ ഗാസ സമാധാന പദ്ധതി കരാറിനെ പ്രധാനമന്ത്രി മോദി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ചർച്ചയിൽ മോദിയുടെ സാന്നിധ്യം സമാധാനത്തിനായുള്ള ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പിക്കും . കൂടാതെ മിഡിൽ ഈസ്റ്റിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യും.

